ന്യൂഡൽഹി: ഐ.എൻ.എസ് രൺവീർ യുദ്ധക്കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ച നാവികരുടെ പേരുകൾ നാവികസേന പുറത്തുവിട്ടു. മാസ്റ്റർ ചീഫ് പെറ്റി ഒാഫീസർ (എം.സി.പി.ഒ) ഫസ്റ്റ് ക്ലാസ് കൃഷ്ണകുമാർ, മാസ്റ്റർ ചീഫ് പെറ്റി ഒാഫീസർ (എം.സി.പി.ഒ) സെക്കൻഡ് ക്ലാസ് സുരീന്ദർ കുമാർ, മാസ്റ്റർ ചീഫ് പെറ്റി ഒാഫീസർ (എം.സി.പി.ഒ) സെക്കൻഡ് ക്ലാസ് എ.കെ. സിങ് എന്നിവരാണ് മരിച്ചത്.
നാവികസേന മേധാവി അഡ്മിറർ ആർ. ഹരി കുമാറിന്‍റെ അനുശോചന സന്ദേശത്തോടൊപ്പമാണ് നാവികരുടെ പേരും ചിത്രങ്ങളും ട്വീറ്റ് ചെയ്തത്. മരിച്ച നാവികരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ സേനയിലെ മുഴുവൻ ഉദ്യോഗസ്ഥരും പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പറയുന്നു.
ചൊവ്വാഴ്ച വൈകീട്ടാണ് മുംബൈ നാവിക ഡോക്യാർഡിൽ നിർത്തിയിട്ട ഐ.എൻ.എസ് രൺവീറിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് നാവികർ മരിച്ചത്. അപകടത്തിൽ 11 നാവികർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
കപ്പലിന്റെ അകത്തുണ്ടായ പൊട്ടിത്തെറിയെ കുറിച്ച് സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊട്ടിത്തെറിക്ക് കാരണം സ്ഫോടകവസ്തുവല്ലെന്നും എ.സി കംപാർട്ടുമെന്‍റിലാണ് സ്ഫോടനം നടന്നതെന്നും ആണ് പ്രാഥമിക കണ്ടെത്തൽ.
കപ്പലിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മുബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2021 മുതൽ കിഴക്കൻ നാവിക കമാൻഡിന്റെ ഭാഗമാണ് ഐ.എൻ.എസ് രൺവീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.