ദക്ഷിണ കൊറിയൻ മനുഷ്യക്കടത്ത് സംഭവത്തിൽ നാവികസേനാ ഉദ്യോഗസ്ഥാൻ അറസ്റ്റിൽ

മുംബൈ: വ്യാജരേഖകൾ ഉപയോഗിച്ച് ദക്ഷിണ കൊറിയയിലേക്ക് ആളുകളെ കടത്തിയ സംഭവത്തിൽ നാവികസേന ലെഫ്റ്റനൻ്റ് കമാൻഡർ അറസ്റ്റിൽ. വെള്ളിയാഴ്‌ച കൊളാബയിൽ വെച്ചാണ് ലഫ്റ്റനൻറ് കമാൻഡർ വിപിൻ കുമാർ ദാഗറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിപിൻ കുമാർ ഉൾപ്പടെ അഞ്ചുപേരെ മുംബൈ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നാവിക സേനയിലെ സബ് ലെഫ്റ്റനൻ്റ് ബ്രഹാം ജ്യോതി ശർമയുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് വിപിൻ കുമാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി . തുടർന്ന് ബ്രഹാം ജ്യോതി ശർമയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്ക് 10 ലക്ഷം രൂപ വീതം ഈടാക്കി 8-10 പേരെ വരെ സംഘം വ്യാജ പേപ്പറുകൾ ഉപയോഗിച്ച് ദക്ഷിണ കൊറിയയിലേക്ക് അയച്ചതായാണ് റിപോർട്ട്.

അതേസമയം പൂനെയിൽ നിന്ന് അറസ്റ്റിലായ സിമ്രാൻ തേജി, ജ്യോതി ശർമയുടെ അടുത്ത സുഹൃത്താണെന്നും പ്രതിഫലമായി ലഭിച്ച തുക തന്റെ വിവിധ അക്കൗണ്ടുകൾ വഴി കൈമാറിയിട്ടുണ്ടെന്നും വ്യാജ രേഖകൾ ഉപയോഗിച്ച് പുതിയ അക്കൗണ്ടുകൾ നിർമിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

കോടതിയ്ക്ക് മുന്നിൽ ഹാജരാക്കിയ സിമ്രാൻ തേജി, ബ്രഹാം ജ്യോതി ശർമയെയും ജൂലൈ അഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിപിൻ കുമാർ ദാഗറിനെയും ജൂലൈ അഞ്ചുവരെ കോടതി കസ്റ്റഡിയിൽ വിട്ടു.

അതേസമയം മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ് . വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

Tags:    
News Summary - Navy officer arrested in South Korean human trafficking case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.