ബിജാപുർ: ഛത്തിസ്ഗഢിലെ ബിജാപുർ ജില്ലയിൽനിന്ന് നക്സലൈറ്റുകൾ തട്ടിക്കൊണ്ടുപോയ പൊലീസുകാരനെ എട്ടു ദിവസത്തിനുശേഷം മോചിപ്പിച്ചു. സംസ്ഥാന പൊലീസ് പുതുതായി രൂപംനൽകിയ ‘ബസ്തർ ഫൈറ്റേഴ്സ്’ സേനാംഗമായ ശങ്കർ കുടിയത്തെ (28) ഒരാഴ്ചയോളമായി കാണാതായിരുന്നു. ശങ്കർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് കഴിഞ്ഞ ദിവസം നക്സലൈറ്റുകൾ അവകാശപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ ആദിവാസി സംഘടനകളുടെ കൂട്ടായ്മയായ സർവ ആദിവാസി സമാജം അംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഇദ്ദേഹത്തെ വിട്ടയച്ചു.
അതേസമയം, തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചെങ്കിലും അവർ അത് വെളിപ്പെടുത്തിയിരുന്നില്ലെന്ന് വിമർശനമുയർന്നിട്ടുണ്ട്. എന്നാൽ, നക്സലൈറ്റുകൾ പറഞ്ഞ ശേഷമാണ് ശങ്കറിനെ തട്ടിക്കൊണ്ടുപോയത് അറിഞ്ഞതെന്ന് ബിജാപുർ പൊലീസ് സൂപ്രണ്ട് ആഞ്ജനേയ വർഷ്നി പ്രസ്താവനയിൽ പറഞ്ഞു.
ഗഡ്ചിറോലി (മഹാരാഷ്ട്ര): ഛത്തിസ്ഗഢ്, മഹാരാഷ്ട്ര സർക്കാറുകൾ തലക്ക് 11 ലക്ഷം വിലയിട്ട വനിത മാവോവാദി പൊലീസിൽ കീഴടങ്ങി. നിരവധി ആക്രമണങ്ങളിൽ പങ്കാളിയായ കലാവതി സമയ്യ വേലാടി എന്ന രജനിയാണ് മഹാരാഷ്ട്രയിലെ ഗാഡ്ചിറോലി പൊലീസിൽ കീഴടങ്ങിയത്.
ഛത്തിസ്ഗഢിലെ ബിജാപുർ ജില്ലയിൽനിന്നുള്ള ഇവർ 2017ൽ 12 ജവാന്മാർ കൊല്ലപ്പെട്ട ആക്രമണത്തിൽ ഉൾപ്പെടെ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പുനരധിവാസ പദ്ധതിയുടെ ഭാഗമായി രജനിക്ക് 4.5 ലക്ഷം രൂപ ധനസഹായം ലഭിക്കും. ഇതുവരെ 586 മാവോവാദികൾ കീഴടങ്ങിയിട്ടുണ്ടെന്നും മാവോവാദം ഉപേക്ഷിക്കുന്നവർക്ക് എല്ലാ സഹായവും നൽകുമെന്നും പൊലീസ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.