മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസിൽ പിടികൂടിയ ബി.ജെ.പി നേതാവിന്‍റെ ബന്ധുവിനെ നാർകോടിക്സ് കൺട്രോൾ ബ്യൂറോ വെറുതെ വിട്ടതായി ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്.
മുംബൈ യുവമോർച്ച അധ്യക്ഷൻ മോഹിത് കംബോജിന്‍റെ ബന്ധുവായ ഋഷഭ് സച്ച്ദേവിനെ എൻ.സി.ബി സംഘം പിടികൂടിയെന്നും മയക്കുമരുന്ന് പിടികൂടിയതോടെ ഉടൻ വിട്ടയക്കുകയായിരുന്നുവെന്നും നവാബ് മാലിക് പറഞ്ഞു.
ഋഷഭിനെ കൂടാതെ പ്രതീക് ഗാബ, അമീർ ഫർണിച്ചർവാല എന്നിവരെയും എൻ.സി.ബി വിട്ടയച്ചതായി മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി പറഞ്ഞു.
'സോണൽ ഡയറക്ടർ സമീർ വാങ്കഡെ റെയ്ഡിന് ശേഷം പിടികുടിയവരുടെ എണ്ണത്തെക്കുറിച്ച് അവ്യക്തമായ പ്രസ്താവനകളാണ് നടത്തിയത്. എട്ട് മുതൽ10 പേരെ പിടികൂടിയതായി അദ്ദേഹം പറഞ്ഞു. 11 പേരുണ്ടായിരുന്നു. ലോക്കൽ പൊലീസ് സംഭവത്തിൽ ചെറുതായി കണ്ണ് വെച്ചിരുന്നു. പൊലീസിന് ലഭിച്ച വിവരം അനുസരിച്ച് 11 പേരെ പിടികൂടിയെങ്കിലും രാവിലെ അത് എട്ടായി. മൂന്ന് പേരെ വിട്ടയച്ചു'-മാലിക് ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഋഷഭ്, പ്രതീക് ഗാബ, അമീർ എന്നിവരെ എൻ.സി.ബി ഓഫീസിൽ എത്തിക്കുന്നതിന്‍റെയും പുറത്തുവിടുന്നതിന്‍റെയും വിഡിയോ ദൃശ്യങ്ങൾ അദ്ദേഹം പുറത്തുവിട്ടു. ഋഷഭിന്‍റെയും മോഹിത്തിന്‍റെയും കുടുംബ ചിത്രങ്ങളും നവാബ് മാലിക് പങ്കുവെച്ചു.
മൂവരെയും മോചിപ്പിക്കാനായി സംസ്ഥാനത്തെയും ഡൽഹിയിലെയും ബി.ജെ.പി നേതാക്കൾ ഇടപെടൽ നടത്തിയിട്ടുണ്ട്. അവരെ വെറുതെവിട്ടത് എന്തിനാണെന്ന് വാങ്കഡെ ഉത്തരം നൽകണമെന്നും മാലിക് ആവശ്യപ്പെട്ടു.
'ഈ റെയ്ഡ് വ്യാജമാണ്. ആര്യൻ ഖാനിൽ ഒന്നും കണ്ടെത്തിയില്ല. പ്രതികും അമീറും ആര്യനെ കുടുക്കാനായി അവിടെ എത്തിച്ചു. ഇരുവരുടെയും ക്ഷണപ്രകാരമാണ് ആര്യൻ ഖാൻ അവിടെ പോയത്'-മാലിക് ആരോപിച്ചു.
നവാബ് മാലിക്കിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് മുംബൈ ആഡംബരക്കപ്പൽ ലഹരിക്കേസിലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ റെയ്ഡിൽ പങ്കെടുത്ത ബി.ജെ.പി പ്രവർത്തകൻ മനീഷ് ഭനുഷാലി. കേസിലേക്ക് തന്‍റെ പേര് വലിച്ചിഴച്ചുവെന്നും ബി.ജെ.പി നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നും കാണിച്ചാണ് മാനനഷ്ടത്തിന് കേസ് കൊടുക്കുന്നത്. നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനും സുഹൃത്തുക്കളും ഉൾപ്പെടെ 16 പേരാണ് കേസിൽ അറസ്റ്റിലായത്.
'പത്രസമ്മേളനം കാരണം എന്‍റെയും കുടുംബാംഗങ്ങളുടെയും ജീവൻ അപകടത്തിലാണ്. ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഏതാനും ബി.ജെ.പി നേതാക്കളെയും എന്നെയും അദ്ദേഹം അപകീർത്തിപ്പെടുത്തി. ഞാൻ ഉടൻ നവാബ് മാലിക്കിനെതിരെ നിയമനടപടി സ്വീകരിക്കും' -മനീഷ് ഭനുഷാലി പറഞ്ഞു.
റെയ്ഡിനിടെ പിടികൂടിയ ആര്യൻ ഖാന്‍റെ സുഹൃത്ത് അർബാസ് മർച്ചന്‍റിനെ മുംബൈയിലെ എൻ.സി.ബി ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് ഭനുഷാലിയാണ്. ഇത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എൻ.സി.ബി ഉദ്യോഗസ്ഥനല്ലാത്ത ഒരാൾ എങ്ങിനെ റെയ്ഡിൽ പങ്കെടുത്തുവെന്ന് മന്ത്രി നവാബ് മാലിക് വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു.
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ നടൻ ഷാറൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്, അർബാസ് മർച്ചന്റ് അടക്കമുള്ളവരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ആര്യൻ അടക്കം ആറു പേരെ ആർതർ റോഡ് ജയിലിലെ ക്വാറന്റിൻ സെല്ലിലേക്കും രണ്ടു പെൺകുട്ടികളെ ബൈഖുള ജയിലിലേക്കും ആണ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.