മുംബൈ: കള്ളപ്പണ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി വക്താവുമായ നവാബ് മാലിക് ഇനി വകുപ്പില്ലാ മന്ത്രി. മാലിക്കിന്റെ ന്യൂനപക്ഷകാര്യ വകുപ്പ് പാർപ്പിട മന്ത്രി ജിതേന്ദ്ര അവാദിനും സ്കിൽ വികസന വകുപ്പ് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെക്കും നൽകാൻ എൻ.സി.പി മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.
മുഖ്യമന്ത്രി ഗവർണറുടെ അനുമതി തേടും. മാലിക് രക്ഷാകർതൃ മന്ത്രിയായിരുന്ന പർഭണി ജില്ലയുടെ ചുമതല ധനഞ്ജയ് മുണ്ടെക്കും ഗോണ്ടിയ ജില്ലയുടെ ചുമതല ഊർജ സഹമന്ത്രി പ്രജക്ത് തൻപുരെക്കും നൽകും. മാലിക് രാജിവെക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളിയ എൻ.സി.പി അദ്ദേഹത്തിന്റെ വകുപ്പുകൾ തൽകാലത്തേക്ക് മറ്റുള്ളവരെ ഏൽപിക്കാൻ തീരുമാനിക്കുകയായിരുന്നു. 20 വർഷം മുമ്പ് നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് നവാബ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. മറ്റൊരാളുടെ പേരിലുള്ള ഭൂമി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറിൽനിന്ന് ചുരുങ്ങിയ വിലക്ക് മാലിക് വാങ്ങിയതെന്നാണ് ഇ.ഡിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.