മുംബൈ: രാഷ്ട്രീയ അട്ടിമറിയിലൂടെ ബി.ജെ.പി-ശിവസേന (ഷിൻഡെ) മുന്നണിയിലെത്തിയ അജിത് പവാർ അടക്കം ഒമ്പത് എം.എൽ.എമാർക്കും അയോഗ്യത നോട്ടീസ് നൽകി ശരത് പവാറിന്‍റെ എൻ.സി.പി. നിയമസഭ സ്പീക്കർ രാഹുൽ നർവേകറിനാണ് എൻ.സി.പി നേതൃത്വം നോട്ടീസ് നൽകിയത്. നോട്ടീസിന്‍റെ കോപ്പി അജിത് പവാർ അടക്കമുള്ളവർക്കും കൈമാറിയിട്ടുണ്ട്.
പാർട്ടി വിടുന്നത് സംബന്ധിച്ച വിവരം നേതാക്കൾ ബന്ധപ്പെട്ട നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്ന് എൻ.സി.പി നേതാവ് ജയന്ത് പാട്ടീൽ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും കത്ത് നൽകിയിട്ടുണ്ട്. ഭൂരിപക്ഷം എം.എൽ.എമാരും എൻ.സി.പിയിലേക്ക് മടങ്ങി വരുമെന്നാണ് കരുതുന്നത്. മടങ്ങി വരുന്നവരെ അംഗീകരിക്കുമെന്നും ജയന്ത് പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.
കൊട്ടാര വിപ്ലവത്തിന് നേതൃത്വം നൽകിയാണ് ശരത് പവാറിന്‍റെ അനന്തരവൻ അജിത് പവാർ ഭൂരിഭാഗം എം.എൽ.എമാരുമായി ബി.ജെ.പി മുന്നണിയിലേക്ക് ചാടി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായത്. കാൽ നൂറ്റാണ്ട് മുമ്പ് ശരദ് പവാർ രൂപവത്കരിച്ച എൻ.സി.പിയുടെ 53 എം.എൽ.എമാരിൽ ഭൂരിഭാഗം പേരും അജിത് പവാറിനൊപ്പം ബി.ജെ.പി-ശിവസേന (ഷിൻഡെ) ക്യാമ്പിലെത്തി. എൻ.സി.പിയുടെ 40ലേറെ എം.എൽ.എമാരുടെയും ആറിലേറെ എം.എൽ.സിമാരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാറിന്‍റെ അവകാശവാദം.
മഹാരാഷ്ട്ര രാജ്ഭവനിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ എട്ട് എൻ.സി.പി എം.എൽ.എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. പാർട്ടി വർക്കിങ് പ്രസിഡന്റുമാരിലൊരാളായ പ്രഫുൽ പട്ടേൽ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ തുടങ്ങിയവരും കാലുമാറിയവരിൽപെടും. പ്രതിപക്ഷത്തെ വൻ ശക്തിയായിരുന്ന ശിവസേനയെ പിളർത്തി ബി.ജെ.പി മുന്നണിയിൽ ചേർന്ന് മുഖ്യമന്ത്രിപദത്തിലെത്തിയ ഏക്നാഥ് ഷിൻഡെയുടെ വഴിതന്നെയാണ് അജിത്തും തെരഞ്ഞെടുത്തത്.
മകൾ സുപ്രിയ സുലെയെ വർക്കിങ് പ്രസിഡന്റാക്കിയ അധ്യക്ഷൻ ശരദ് പവാറിന്‍റെ തീരുമാനത്തിൽ അതൃപ്തനായിരുന്ന അജിത് പവാർ, ഈയിടെ പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ മഹാസമ്മേളനത്തിലും സുപ്രിയക്ക് പ്രാധാന്യം ലഭിച്ചതിൽ രോഷാകുലനായിരുന്നു.
288 അംഗ നിയമസഭയിലേക്ക് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മഹാരാഷ്ട്രയിൽ പുതിയ നാടകം. അതിനിടെ, ജിതേന്ദ്ര അവാധിനെ പ്രതിപക്ഷ നേതാവായി എൻ.സി.പി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.