മുംബൈ: അജിത് പവാർ വിഭാഗത്തെ യഥാർഥ എൻ.സി.പിയായി പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ശരദ് പവാർ പക്ഷം. തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി അപ്രതീക്ഷിതമല്ലെന്ന് ശരദ് പവാർ പക്ഷം നേതാവും എം.പിയുമായ സുപ്രിയ സുലെ പറഞ്ഞു. ആദ്യമായാണ് ഒരു പാർട്ടിയെ അതിന്റെ സ്ഥാപക നേതാവിൽ നിന്നും തട്ടിയെടുക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
'തെരഞ്ഞെടുപ്പ് കമീഷൻ നടപടി അപ്രതീക്ഷിതമല്ല. മഹാരാഷ്ട്രക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. നേരത്തെ അവർ ശ്രമിച്ചത് മറാത്തികളുടെ പാർട്ടിയായ ശിവസേനയെ തകർക്കാനാണ്. ഇപ്പോൾ മറ്റൊരു മറാത്തിയുടെ പാർട്ടിയായ എൻ.സി.പിയുടെ അവകാശം മറ്റൊരാൾക്ക് നൽകിയിരിക്കുന്നു. ശരദ് പവാറാണ് പാർട്ടിയെ വളർത്തി വലുതാക്കിയത്. നിരവധി നേതാക്കൾ രാഷ്ട്രീയജീവിതം നയിച്ച പാർട്ടിയാണിത്. ഇപ്പോഴത്തെ തീരുമാനം ശരദ് പവാറിനോടും മഹാരാഷ്ട്രയിലെ ജനങ്ങളോടുമുള്ള അനീതിയാണ്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കും' -സുപ്രിയ സുലെ പറഞ്ഞു.
നിർഭാഗ്യകരമായ വിധിയാണെന്നും രാഷ്ട്രീയ കേന്ദ്രത്തിൽനിന്നുള്ള സമ്മർദമാണ് അതിന് കാരണമെന്നും എൻ.സി.പി ശരദ് പവാർപക്ഷ എം.എൽ.എ അനിൽ ദേശ്മുഖ് പറഞ്ഞു.
പാർട്ടിയിൽ വിമതനീക്കം നടത്തി ബി.ജെ.പി-ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന സഖ്യ ഭരണത്തിൽ ചേർന്ന അജിത് പവാർ വിഭാഗത്തെ ഇന്നലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ യഥാർഥ എൻ.സി.പിയായി പ്രഖ്യാപിച്ചത്. ശരദ് പവാർ സ്ഥാപിച്ച പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ടൈംപീസും അജിത് പക്ഷത്തിന് നൽകി. ബുധനാഴ്ച വൈകീട്ട് മൂന്നിനകം പുതിയ പേരും ചിഹ്നവും സമർപ്പിക്കാൻ ശരദ് പവാർ പക്ഷത്തിനോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
മഹാരാഷ്ട്രയിൽ ഒഴിവുവരുന്ന ആറ് രാജ്യസഭ സീറ്റുകളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കമീഷന്റെ വിധി. പുതിയ മൂന്ന് പേരുകൾ പവാർ പക്ഷം ഉടനെ സമർപ്പിക്കണം. ഇല്ലെങ്കിൽ പവാർ പക്ഷ എം.എൽ.എമാരെ സ്വതന്ത്ര എം.എൽ.എമാരായാണ് കണക്കാക്കുക.
കഴിഞ്ഞ ജൂലൈയിലാണ് അജിത് പവാർ വിമതനീക്കം നടത്തി ഭരണപക്ഷത്തേക്ക് കൂറുമാറി ഉപമുഖ്യമന്ത്രിയായത്. മഹാരാഷ്ട്രയിലെ 53ൽ 41 പാർട്ടി എം.എൽ.എമാരും നാഗാലാൻഡിലെ ഏഴുപേരും നാലിൽ രണ്ട് എം.പിമാരും തങ്ങൾക്കൊപ്പമാണെന്നാണ് അജിതിന്റെ വാദം.
ഭൂരിപക്ഷ ജനപ്രതിനിധികളും അജിത്തിനൊപ്പമാണെന്ന കണക്ക് പരിഗണിച്ചാണ് യഥാർഥ എൻ.സി.പി അജിത്തിന്റേതാണെന്ന് കമീഷൻ വിധിച്ചത്. ഇരു വിഭാഗത്തിന്റെയും നീക്കങ്ങൾ പാർട്ടി ഭരണഘടനക്കും ആഭ്യന്തര തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്കും വിരുദ്ധമാണെന്ന് വിലയിരുത്തിയ കമീഷൻ നേതാക്കൾ അവരുടെ പദവികൾ സ്വയം പ്രഖ്യാപിച്ചതാണെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.