ന്യൂഡൽഹി: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മദ്റസ ബോർഡിന് കീഴിലുള്ള വിദ്യാലയങ്ങളെ ലക്ഷ്യമിട്ട് കേന്ദ്ര ബാലാവകാശ കമീഷൻ നീക്കം വ്യാപകമാക്കുന്നു. നേരത്തെ ബി.ജെ.പി അധികാരത്തിലുള്ള മധ്യപ്രദേശിലും ഉത്തർ പ്രദേശിലും മദ്റസ ബോർഡിന് കീഴിലുള്ള വിദ്യാലയങ്ങൾക്ക് നേരെ തിരിഞ്ഞതിന് പിന്നാലെ ബിഹാറിലെ സ്ഥാപനങ്ങൾക്ക് നേരെ കടുത്ത ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് കേന്ദ്ര ബാലാവകാശ കമീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ.
ബിഹാറിൽ മദ്റസ ബോർഡിന് കീഴിലുള്ള സ്കൂളുകളിൽ പഠിപ്പിക്കുന്ന ചില പുസ്തകങ്ങളിൽ അമുസ്‍ലിംകളെ ‘കാഫിർ’ എന്ന് വിശേഷിപ്പിക്കുന്നുവെന്നും ചില പാഠപുസ്തകങ്ങൾ പാകിസ്താനിൽ പ്രസിദ്ധീകരിച്ചവയാണെന്നും അദ്ദേഹം ആരോപിച്ചു. ഇവിടെ ഹിന്ദു കുട്ടികളെ പഠിപ്പിക്കരുതെന്നും മദ്റസ ബോർഡ് പിരിച്ചുവിടണമെന്നും കനൂംഗോ ആവശ്യപ്പെട്ടു. മദ്റസ ബോർഡിന് കീഴിലുള്ള സ്കൂളുകളിൽ ഹിന്ദു കുട്ടികളെ ചേർക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച കനൂംഗോ, അത്തരം വിദ്യാർഥികളുടെ എണ്ണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ബിഹാർ സർക്കാർ മറച്ചുവെക്കുന്നുവെന്നും ആരോപിച്ചു.
‘യുനിസെഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെയാണ് പാഠ്യപദ്ധതി തയാറാക്കിയതെന്നാണ് ബിഹാർ മദ്റസ ബോർഡ് അവകാശപ്പെടുന്നത്. ഇതിനെ ഇരുകൂട്ടരുടെയും പരസ്പര പ്രീണനമായാണ് ഞാൻ കാണുന്നത്. സർക്കാരുകളിൽനിന്ന് ലഭിക്കുന്ന ഫണ്ടുപയോഗിച്ച് ശിശു സംരക്ഷണത്തിന്റെ മറവിൽ ഇത്തരം പാഠ്യപദ്ധതിയുണ്ടാക്കുന്നത് യുനിസെഫിന്റെ ചുമതലയല്ല. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (ആർ.ടി.ഇ) പരിധിക്ക് പുറത്തുള്ള ആവശ്യങ്ങൾക്ക് ഫണ്ട് ദുരുപയോഗം ചെയ്യുന്നത് ഇന്ത്യൻ ഭരണഘടനയെയും കുട്ടികളുടെ അവകാശങ്ങൾക്കായുള്ള യു.എൻ കൺവെൻഷന്റെയും ലംഘനമാണ്. സ്ഥിതിഗതികൾ യു.എൻ സൂക്ഷ്മമായി നിരീക്ഷിക്കണം. മദ്റസ ബോർഡിന് കീഴിലുള്ള സ്ഥാപനങ്ങളിലെ പാഠപുസ്തകങ്ങൾ പാകിസ്താനിൽ പ്രസിദ്ധീകരിച്ചവയാണ്. അവയുടെ ഉള്ളടക്കം പരിശോധിക്കുന്നതിനുള്ള ഗവേഷണം തുടരുകയാണ്. മദ്റസ ഒരു തരത്തിലും കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള സ്ഥലമല്ല, ഇവിടങ്ങളിൽ ഹിന്ദു കുട്ടികൾ പാടില്ല. കുട്ടികൾ സ്കൂളിൽ പഠിക്കണം. മദ്റസ ബോർഡ് പിരിച്ചുവിടണം’ -അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ മദ്റസ ബോർഡിന് കീഴിലുള്ള സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അമുസ്‍ലിം കുട്ടികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമേ മതപഠനത്തിലും പ്രവർത്തനങ്ങളിലും പങ്കാളികളാക്കാവൂ എന്നും അമുസ്‌ലിം സമുദായത്തിൽപ്പെട്ട കുട്ടികളെ ചേർത്തതായി കണ്ടെത്തിയാൽ അവരുടെ ഗ്രാൻഡുകൾ നിർത്തലാക്കുകയും രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്യുമെന്നും മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. മദ്റസ ബോർഡിന് കീഴിലുള്ള സ്‌കൂളുകളിൽ പഠിക്കുന്ന അമുസ്‌ലിം കുട്ടികളുടെ സർവേ നടത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ദേശീയ ബാലാവകാശ സംരക്ഷണ കമീഷന്റെ (NCPCR) ശിപാർശയെ തുടർന്നായിരുന്നു ഈ നടപടിയും. കുട്ടികളുടെ എണ്ണം പെരുപ്പിച്ച് സംസ്ഥാന സർക്കാരിൽ നിന്ന് കൂടുതൽ ഗ്രാൻഡ് ലഭിക്കുന്നതിന് വേണ്ടിയാണ് അമുസ്‍ലിം കുട്ടികളെ ഇൗ വിദ്യാലയങ്ങളിൽ ചേർക്കുന്നതെന്ന് എൻ.സി.പി.സി.ആർ ചെയർമാൻ പ്രിയങ്ക് കനൂംഗോ ആരോപിച്ചിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി അമുസ്‌ലിം കുട്ടികളെ മദ്റസ ബോർഡിന് കീഴിലുള്ള സ്കൂളുകളിൽ ചേർത്തതിനെ ചൊല്ലി നിരവധി സംഘർഷങ്ങൾ മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തിരുന്നു. മധ്യപ്രദേശിലെ മദ്റസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ 9,000ത്തിലധികം ഹിന്ദു കുട്ടികൾ ചേർന്നിട്ടുണ്ടെന്നായിരുന്നു ഈ വർഷം ജൂണിലെ എൻ.സി.പി.സി.ആർ റിപ്പോർട്ട്. തുടർന്ന് സർവേ നടത്താൻ മുഖ്യമന്ത്രിയായ മോഹൻ യാദവിനോട് കമീഷൻ ആവശ്യപ്പെട്ടിരുന്നു.
ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിലും മദ്റസ ബോർഡിന് കീഴിലുള്ള വിദ്യാർഥികൾക്ക് നേരെ വിവേചനം ഉണ്ടായിരുന്നു. മികവ് പുലർത്തിയ വിദ്യാർഥികളെ ആദരിക്കുന്നതിൽനിന്ന് ബോർഡിന് കീഴിലുള്ള കുട്ടികളെ ഒഴിവാക്കിയത് വിവാദമായിരുന്നു. വിഷയം ഉയർത്തിക്കാട്ടി പ്രതിപക്ഷ കക്ഷികൾ വിമർശനം കടുപ്പിച്ചതിന് പിന്നാലെ വിദ്വേഷ പരാമർശവുമായി മുതിർന്ന ബി.ജെ.പി നേതാവ് മുഹ്സിൻ റാസ രംഗത്തെത്തുകയും ചെയ്തു. ‘മതവിദ്യാഭ്യാസത്തിലെ നേട്ടത്തിന് അംഗീകാരം നൽകാനാവില്ല. അങ്ങനെ വേണ്ടവർ സൗദിയിൽ പോയി അവിടെ നിന്ന് വാങ്ങട്ടെ’ എന്നായിരുന്നു മുഹ്സിന്റെ പരാമർശം.
ഉത്തർപ്രദേശിൽ സംസ്കൃത കൗൺസിൽ അടക്കമുള്ളവക്കുകീഴിൽ പഠിച്ച വിദ്യാർഥികളെ ആദരിച്ചപ്പോൾ മദ്റസ ബോർഡിനുകീഴിൽ സെക്കൻഡറി, ഹയർ സെക്കൻഡറി തുല്യതയുള്ള പരീക്ഷകൾ എഴുതിയ വിദ്യാർഥികളെ തഴഞ്ഞുവെന്നാണ് വിമർശനം. ‘സബ്കാ സാഥ് സബ്കാ വികാസ്’ എന്ന ബി.ജെ.പിയുടെ ആപ്തവാക്യം മദ്റസ ബോർഡിന് കീഴിലുള്ള വിദ്യാർഥികളുടെ കാര്യത്തിൽ മാത്രമില്ലെന്ന് സമാജ്വാദി പാർട്ടി കുറ്റപ്പെടുത്തി. ഭരണഘടനാപരമായി മതങ്ങൾക്കും ഭാഷകൾക്കും സംരക്ഷണം നിലനിൽക്കുമ്പോഴാണ് സർക്കാർ വിവേചന നിലപാട് സ്വീകരിക്കുന്നതെന്ന് കോൺഗ്രസും കുറ്റപ്പെടുത്തി.
സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മികവ് കാണിച്ച വിദ്യാർഥികൾക്ക് ഒരുലക്ഷം വീതം സമ്മാനം നൽകാൻ യു.പി സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി 4.73 കോടിയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മദ്റസ ബോർഡിന് കീഴിലെ വിവിധ പരീക്ഷകളെ സെക്കൻഡറി, ഹയർ സെക്കൻഡറി തത്തുല്യമാക്കി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും ഈ അംഗീകാരം ഉപയോഗിക്കാം. അംഗീകാരമില്ലാത്ത മദ്റസകളിൽ പഠിക്കുന്ന വിദ്യാർഥികളും എയ്ഡഡ് മദ്റസകളിൽ പഠിക്കുന്ന മുസ്ലിം ഇതര വിഭാഗങ്ങളിലെ വിദ്യാർഥികളും സർക്കാർ സ്കൂളുകളിലേക്ക് മാറണമെന്ന് അടുത്തിടെ സർക്കാർ നിർദേശമിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.