ഫലസ്തീൻ: ഇന്ത്യയുടെ നയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിക്കണം -സുപ്രിയ സുലെ എം.പി

ന്യൂഡൽഹി: ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിക്കണമെന്ന് എൻ.സി.പി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ എം.പി. ഇസ്രായേലിനെ പിന്തുണച്ചതിലൂടെ നരേന്ദ്ര മോദി സർക്കാർ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിൽനിന്ന് വ്യതിചലിച്ചതായി സുലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നയംഎന്നും ഒരുപോലെയാണ്. അടൽ ബിഹാരി വാജ്‌പേയി ഭരിച്ച​പ്പോഴും ഇന്ദിരാഗാന്ധി ഭരിച്ചപ്പോഴും ഇന്ത്യ ഫലസ്തീന്റെ കൂടെയായിരുന്നു. എന്നാൽ, ഇപ്പോൾ കേന്ദ്രസർക്കാർ വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. വിദേശകാര്യവുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ, സർവകക്ഷിയോഗം വിളിക്കണം’ -സുപ്രിയ പറഞ്ഞു. അടിയന്തരമായി സർവകക്ഷി യോഗം ചേരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇസ്രായേൽ ആക്രമണങ്ങളിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1417 ആയി ഉയർന്നു. 6200 പേർക്കാണ് പരിക്കേറ്റത്. ആരോഗ്യവകുപ്പാണ് കണക്കുകൾ പുറത്ത് വിട്ടത്. അതേസമയം, ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 ആണെന്നാണ് റിപ്പോർട്ടുകൾ. 3200 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ ഇന്നു മാത്രം 151 പേർ കൊല്ലപ്പെട്ടുവെന്ന് ഫലസ്തീനിലെ വഫ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഗസ്സയിലുടനീളം നിരവധി ​ബോംബുകളും മിസൈലുകളുമാണ് ഇന്ന് പതിച്ചത്. സിറിയയിലെ രണ്ട് വിമാനത്താവളങ്ങൾക്ക് നേരെയും ഇസ്രായേൽ ആക്രമണമുണ്ടായി.

ഗസ്സയിലെ ആശുപത്രികളെല്ലാം പരിക്കേറ്റവരാൽ നിറഞ്ഞിരിക്കുകയാണ്. ആശുപത്രികളുടെ നിലത്ത് ഉൾപ്പെടെ കിടത്തിയാണ് പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നത്. ഇസ്രായേൽ പ്രഖ്യാപിച്ച സമ്പൂർണ ഉപരോധം സാഹചര്യങ്ങൾ അങ്ങേയറ്റം ദുരന്തപൂർണമാക്കുമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - NCP's Sule asks Centre to call all-party meeting to discuss India's stand on Israel-Palestine issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.