ബംഗളൂരു: എൻ.ഡി.എ സർക്കാർ രൂപവത്കരിച്ചത് അബദ്ധത്തിലാണെന്നും, ഏതു നിമിഷവും താഴെ വീഴാമെന്നും കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുന്നണിയിലെ മറ്റ് പാർട്ടികളുമായി ഒത്തുപോകാൻ ബി.ജെ.പി പ്രയാസപ്പെടുന്നുവെന്ന റിപ്പോർട്ട് വന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഖാർഗെയുടെ പ്രതികരണം.
“എൻ.ഡി.എ സർക്കാർ അബദ്ധത്തിൽ രൂപവത്കരിച്ചതാണ്. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാൽ മോദിക്ക് ഈ സർക്കാറിൽ വലിയ അധികാരമില്ല. ഏതു നിമിഷവും സർക്കാർ നിലംപൊത്താം. രാജ്യത്തിന്‍റെ അഭിവൃദ്ധിക്കായി കോൺഗ്രസ് എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കും” -ഖാർഗെ ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.
543 അംഗ ലോക്സഭയിൽ 293 സീറ്റാണ് എൻ.ഡി.എക്കുള്ളത്. 272 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബി.ജെ.പിക്ക് ഇത്തവണ 240 സീറ്റ് മാത്രമാണ് നേടാനായത്. എൻ. ചന്ദ്രബാബു നായിഡുവിന്‍റെ ടി.ഡി.പി (16 സീറ്റ്), നിതീഷ് കുമാറിന്‍റെ ജെ.ഡിയു (12), ഏക്നാഥ് ഷിൻഡെയുടെ ശിവസേന (7), ചിരാഗ് പസ്വാന്‍റെ എൽ.ജെ.പി (5) എന്നീ പാർട്ടികളുടെ പിന്തുണോടെയാണ് മോദി മൂന്നാമതും പ്രധാനമന്ത്രി പദത്തിലെത്തിയത്.
ഖാർഗെയുടെ പരാമർശത്തോട് പ്രതികരണവുമായി എൻ.ഡി.എ സഖ്യകക്ഷികളും രംഗത്തുവന്നിട്ടുണ്ട്. കോൺഗ്രസ് സഖ്യ സർക്കാറുകൾ രൂപവത്കരിച്ചപ്പോഴുള്ള സീറ്റ് നില പരിശോധിക്കണമെന്ന് നിതീഷ് കുമാർ പറഞ്ഞു. 1991ലെ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവാതെയാണ് നരസിംഹ റാവുവിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ രൂപവത്കരിച്ചതെന്നും നിതീഷ് കുമാർ ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.