ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനയുടെ കാര്യത്തില്‍ സുതാര്യത കൊണ്ടുവരുമെന്ന ബജറ്റ് നിര്‍ദേശം ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ക്കൂടി വാതില്‍ തുറന്നുവെച്ചു. 2000 രൂപയില്‍ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് റൊക്കം പണമായി നല്‍കുന്നതിന് ബജറ്റില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണത്തിനെതിരായ ശക്തമായ നടപടികള്‍ സ്വീകരിച്ചുവെന്നു വരുത്താനുള്ള ശ്രമത്തിനപ്പുറം, വിഷയത്തോട് മോദി സര്‍ക്കാറിനുള്ള പ്രതിബദ്ധതയില്‍ വിവിധ കോണുകളില്‍നിന്ന് സംശയം ഉയര്‍ന്നുവന്നിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന സുതാര്യമാക്കാനുള്ള നിര്‍ദേശത്തെ പിന്തുണക്കാതിരിക്കാന്‍ ഒരു പാര്‍ട്ടിക്കും സാധിക്കില്ല. അവരെ കള്ളപ്പണ പ്രോത്സാഹകരായി ചൂണ്ടിക്കാണിക്കാന്‍ ബി.ജെ.പിക്കും സര്‍ക്കാറിനും എളുപ്പമാണെന്നതുതന്നെ കാരണം. അതു തിരിച്ചറിഞ്ഞ് വിവിധ പാര്‍ട്ടികള്‍ ഫണ്ടിങ് നിയന്ത്രണത്തെ സ്വാഗതം ചെയ്തിട്ടുമുണ്ട്. എന്നാല്‍, കാര്യത്തോട് കൂടുതലടുക്കാന്‍ സര്‍ക്കാറിനുള്ള താല്‍പര്യമാണ് സംശയിക്കപ്പെടുന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന സുതാര്യമാക്കാനുള്ള ബജറ്റ് നിര്‍ദേശം കണ്ണില്‍ പൊടിയിടുന്നതാണെന്ന്, ഈ വിഷയത്തില്‍ വിശദപഠനം നടത്തുന്ന അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ചൂണ്ടിക്കാട്ടി. ധനമന്ത്രി ബജറ്റില്‍വെച്ച നിര്‍ദേശം കള്ളപ്പണം തടയുന്നതില്‍ നിസാരമായ ഫലമെങ്കിലും ഉണ്ടാക്കാനുള്ള സാധ്യത വിരളമാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
പരിഷ്കരണത്തിന് സര്‍ക്കാറിന് ഇച്ഛാശക്തിയില്ല. സംഭാവനകള്‍ സുതാര്യമാക്കാന്‍ ശ്രമിക്കുമെന്ന ബജറ്റ് വാഗ്ദാനം എങ്ങനെ നടപ്പാക്കുമെന്ന ചോദ്യം അവ്യക്തം. തെരഞ്ഞെടുപ്പു കമീഷനോ നിയമ കമീഷനോ നിര്‍ദേശിക്കുന്ന പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന വാഗ്ദാനവുമില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ സുതാര്യത, വെളിപ്പെടുത്തല്‍, പിഴ എന്നീ കാര്യങ്ങളെയും ബജറ്റ് പരിഗണിച്ചിട്ടില്ല.
രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന വരുമാനം പരിശോധിക്കുമെന്ന വാഗ്ദാനം ബജറ്റ് നല്‍കുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള വരുമാനത്തിന്‍െറ 70 ശതമാനവും പുറത്തറിയാത്ത കേന്ദ്രങ്ങളില്‍നിന്നാണെന്നും എ.ഡി.ആര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.