ന്യൂഡൽഹി: സെപ്റ്റംബർ 13ന് നടക്കുന്ന നീറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റായ www.ntaneet.nic.in ൽ പ്രസിദ്ധീകരിച്ചു. ബുധനാഴ്ച 12 മണിക്ക് പുറത്തുവിട്ട ഹാൾടിക്കറ്റുകൾ ആദ്യ മൂന്നു മണിക്കൂറിനകം നാലുലക്ഷം പേർ ഡൗൺലോഡ് ചെയ്തു. 15.97 ലക്ഷം പേരാണ് ഇത്തവണ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നീട്ടുമെന്ന അഭ്യൂഹം അവസാന നിമിഷംവരെ നിലനിന്നിരുന്നെങ്കിലും നേരത്തേ നിശ്ചയിച്ചതനുസരിച്ച് തന്നെ നടക്കുമെന്ന് ചൊവ്വാഴ്ച കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു.
പരീക്ഷകേന്ദ്രങ്ങൾ വർധിപ്പിച്ചും മുറികളിൽ വിദ്യാർഥികളുടെ എണ്ണം കുറച്ചും ഇടവിട്ട് ഇരുത്തിയുമെല്ലാമാണ് കോവിഡ് സുരക്ഷയിൽ പരീക്ഷ നടത്തിപ്പ്. 24നു പകരം 12 കുട്ടികളെയാണ് ഒരു മുറിയിൽ പ്രവേശിപ്പിക്കുക. പരീക്ഷകേന്ദ്രങ്ങളുടെ എണ്ണം 2546ൽനിന്ന് 3843 ആയാണ് വർധിപ്പിച്ചത്. ഹാൾടിക്കറ്റിൽ പരീക്ഷ സംബന്ധിച്ച മാർഗനിർദേശങ്ങൾക്കൊപ്പം കോവിഡ് നിബന്ധനകളും പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
9.53 ലക്ഷം പേർ എഴുതുന്ന അഖിലേന്ത്യ എൻജിനീയറിങ് പ്രേവശന പരീക്ഷയായ ജെ.ഇ.ഇ സെപ്റ്റംബർ ഒന്നുമുതൽ ആറുവരെ തീയതികളിലാണ് നടക്കുക. ജെ.ഇ.ഇ പരീക്ഷകേന്ദ്രങ്ങൾ 570ൽനിന്ന് 660 ആയും വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.