നീറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് റെഡി; മാർഗനിർദേശങ്ങൾ പുറത്തിറക്കി
text_fieldsന്യൂഡൽഹി: സെപ്റ്റംബർ 13ന് നടക്കുന്ന നീറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റായ www.ntaneet.nic.in ൽ പ്രസിദ്ധീകരിച്ചു. ബുധനാഴ്ച 12 മണിക്ക് പുറത്തുവിട്ട ഹാൾടിക്കറ്റുകൾ ആദ്യ മൂന്നു മണിക്കൂറിനകം നാലുലക്ഷം പേർ ഡൗൺലോഡ് ചെയ്തു. 15.97 ലക്ഷം പേരാണ് ഇത്തവണ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നീട്ടുമെന്ന അഭ്യൂഹം അവസാന നിമിഷംവരെ നിലനിന്നിരുന്നെങ്കിലും നേരത്തേ നിശ്ചയിച്ചതനുസരിച്ച് തന്നെ നടക്കുമെന്ന് ചൊവ്വാഴ്ച കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു.
പരീക്ഷകേന്ദ്രങ്ങൾ വർധിപ്പിച്ചും മുറികളിൽ വിദ്യാർഥികളുടെ എണ്ണം കുറച്ചും ഇടവിട്ട് ഇരുത്തിയുമെല്ലാമാണ് കോവിഡ് സുരക്ഷയിൽ പരീക്ഷ നടത്തിപ്പ്. 24നു പകരം 12 കുട്ടികളെയാണ് ഒരു മുറിയിൽ പ്രവേശിപ്പിക്കുക. പരീക്ഷകേന്ദ്രങ്ങളുടെ എണ്ണം 2546ൽനിന്ന് 3843 ആയാണ് വർധിപ്പിച്ചത്. ഹാൾടിക്കറ്റിൽ പരീക്ഷ സംബന്ധിച്ച മാർഗനിർദേശങ്ങൾക്കൊപ്പം കോവിഡ് നിബന്ധനകളും പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
9.53 ലക്ഷം പേർ എഴുതുന്ന അഖിലേന്ത്യ എൻജിനീയറിങ് പ്രേവശന പരീക്ഷയായ ജെ.ഇ.ഇ സെപ്റ്റംബർ ഒന്നുമുതൽ ആറുവരെ തീയതികളിലാണ് നടക്കുക. ജെ.ഇ.ഇ പരീക്ഷകേന്ദ്രങ്ങൾ 570ൽനിന്ന് 660 ആയും വർധിപ്പിച്ചിട്ടുണ്ട്.
മാർഗനിർദേശങ്ങൾ
- കോവിഡ് മുൻകരുതലിെൻറ ഭാഗമായി അഡ്മിറ്റ് കാർഡിൽ കാണിച്ച റിപ്പോർട്ടിങ് സമയത്തിനുമുമ്പ് വിദ്യാർഥികൾ പരീക്ഷഹാളിൽ എത്തണം.
- നിശ്ചിത സമയത്തിനുശേഷം വരുന്നവരെ ഹാളിൽ പ്രവേശിപ്പിക്കില്ല.
- പരീക്ഷ അവസാനിക്കുന്നതിനുമുമ്പ് ഹാൾ വിട്ടുപോകാൻ അനുവദിക്കില്ല.
- പരീക്ഷ എഴുതിക്കഴിഞ്ഞവർ ഇൻവിജിലേറ്ററുടെ നിർദേശപ്രകാരം മാത്രമേ സീറ്റിൽനിന്ന് എഴുന്നേൽക്കാവൂ.
- പരീക്ഷക്കുശേഷം ഓരോരുത്തരായി മാത്രമേ ഹാളിൽനിന്ന് പുറത്തുപോകാൻ അനുവദിക്കൂ.
- അഡ്മിറ്റ് കാർഡ്/ഐഡി പ്രൂഫ് ഇല്ലാതെ പരീക്ഷഹാളിൽ പ്രവേശിപ്പിക്കില്ല.
- വിദ്യാർഥികൾ ഏതെങ്കിലും ഫോട്ടോ തിരിച്ചറിയൽ കാർഡ് കരുതണം (പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, 12ാം ക്ലാസ് ബോർഡ് അഡ്മിറ്റ് അല്ലെങ്കിൽ രജിസ്ട്രേഷൻ കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ്, ഇ-ആധാർ, റേഷൻ കാർഡ്, ആധാർ എൻറോൾമെൻറ് നമ്പർ) .
- ഭിന്നശേഷി വിഭാഗം വിദ്യാർഥികൾ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈവശം വെക്കണം.
- ഭിന്നശേഷിക്കാരെ പരീക്ഷക്ക് സഹായിക്കുന്നവർ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സത്യവാങ്മൂലം, പാസ്പോർട്ട് സൈസ് ഫോട്ടോ, കോവിഡ്-19 പ്രോട്ടോകോൾ പ്രകാരമുള്ള സത്യവാങ്മൂലം, ഐഡി കാർഡ് എന്നിവ കരുതണം.
- ഡ്രസ് കോഡ് നിർബന്ധം (കട്ടിയുള്ള സോളോടുകൂടിയ ഷൂ, ചെരിപ്പ് എന്നിവ ഉപയോഗിക്കാൻ അനുവദിക്കില്ല).
- ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മൊബെൽ ഫോൺ എന്നിവ ഹാളിനകത്ത് അനുവദിക്കില്ല.
ഇവ കയ്യിൽ കരുതാം
- അഡ്മിറ്റ് കാർഡ് എ4 സൈസിൽ പ്രിൻറ് എടുത്തത്
- സുതാര്യമായ വാട്ടർ ബോട്ടിൽ
- ഹാൻഡ് സാനിറ്റൈസർ (50 മില്ലി)
- മാസ്ക്, ഗ്ലൗസ്
- ഭിന്നശേഷി വിദ്യാർഥികൾ പരീക്ഷ എഴുതാൻ മറ്റുള്ളവരുടെ സഹായം തേടുന്നുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.