പട്ന: മെഡിക്കൽ പ്രവേശ പരീക്ഷയായ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇന്ന് പട്‌നയിൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ഒമ്പത് ഉദ്യോഗാർഥികളെ ചോദ്യം ചെയ്യും. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. നേരത്തെ 11 ഉദ്യോഗാർഥികൾക്ക് പട്‌ന പൊലീസ് നോട്ടീസ് നൽകിയിരുന്നു. 11 വിദ്യാർഥികളുടെ റോൾ നമ്പറുകളും കോഡുകളും പട്‌ന പൊലീസ് കണ്ടെത്തിയിരുന്നു. മേയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ ഒരു ദിവസം മുമ്പേ തന്നെ വിദ്യാർഥികളുടെ കൈയിലെത്തിയിരുന്നു.
ബിഹാർ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സംസ്ഥാനത്തെ കുപ്രസിദ്ധ ‘സോൾവർ ഗ്യാങ്’ ആണ് ‘നീറ്റ്’ ചോദ്യപേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചോദ്യപേപ്പർ അച്ചടിച്ച പ്രിന്റിങ് പ്രസ്, പരീക്ഷാ കേന്ദ്രങ്ങളിലെ ജീവനക്കാർ എന്നിവരാണ് ചോർത്തലിന് നിർണായക പങ്കുവഹിച്ചത്. കോച്ചിങ് ഗ്രൂപ്പുകൾ വഴിയാണ് ‘ഗ്യാങ്’ വിദ്യാർഥികളെ സമീപിച്ചത്. ചോദ്യപേപ്പറിന് ആവശ്യമുള്ള വിദ്യാർഥികളെ ഒരു വീട്ടിലെത്തിച്ചു. ശേഷം ചോർത്തിയ ചോദ്യപേപ്പറിലെ ശരിയുത്തരം മനഃപാഠമാക്കി ഇവരെ പരീക്ഷാകേന്ദ്രങ്ങളിൽ കൊണ്ടുവിട്ടു. ചോർച്ച അറിയാതിരിക്കാനാണ് ഈ രീതി പയറ്റിയത്.
ചോദ്യം ചെയ്യപ്പെടുന്ന 11 ഉദ്യോഗാർഥികൾ ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരും ഏഴു പേർ പെൺകുട്ടികളുമാണ്. നീറ്റ് പരീക്ഷയിൽ ചിലയിടങ്ങളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നേരത്തെ സമ്മതിച്ചിരുന്നു. അന്വേഷണത്തിനിടയിൽ മേയ് അഞ്ചിന് രാവിലെ എൻ.ടി.എയിൽ നിന്ന് ചോദ്യപേപ്പറിന്‍റെ യഥാർഥ പകർപ്പ് ബിഹാർ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എൻ.ടി.എ ഇതുവരെ ചോദ്യപേപ്പറിന്‍റെ ഒറിജിനൽ കോപ്പി അയച്ചിട്ടില്ലെന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.