ഹൈദരാബാദ്: നീറ്റ് പരീക്ഷ ക്രക്കേടിൽ വിദ്യാർഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. വിദ്യാർഥികൾക്ക് സർക്കാർ നീതി ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ആദ്യം 23 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് യു.ജി, പിന്നീട് 9 ലക്ഷം വിദ്യാർത്ഥികൾ ഉൾപ്പെട്ട യു.ജി.സി നെറ്റ്. പിന്നാലെ 2 ലക്ഷം വിദ്യാർത്ഥികൾ എഴുതാനിരുന്ന സി.എസ്.ഐ.ആർ-നെറ്റ് റദ്ദാക്കപ്പെട്ടു. 2 ലക്ഷം പേർ ഉൾപ്പെട്ട നീറ്റ്-പിജി ഒരു രാത്രി മുമ്പ് റദ്ദാക്കി. പരീക്ഷയുടെ ഉത്തരവാദിത്തം പരീക്ഷ യോദ്ധാവ് മോദിക്കും അദ്ദേഹത്തിൻ്റെ മന്ത്രിമാർക്കുമാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിൻ്റെ സർക്കാരും ഇവർക്ക് നീതി ഉറപ്പാക്കണം," ഉവൈസി പറഞ്ഞു.
മേയ് അഞ്ചിനാണ് രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ നടന്നത്. 24 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതി. ജൂൺ നാലിന് ഫലം പ്രഖ്യാപിച്ചപ്പോൾ 67 വിദ്യാർഥികൾ മുഴുവൻ മാർക്കും നേടിയതായി കണ്ടെത്തി. പിന്നാലെ ചോദ്യപേപ്പർ ചോർന്നതായും ആരോപണമുയർന്നു. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ശനിയാഴ്ച രാത്രി ചോദ്യപേപ്പർ ചോർച്ചയെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിടാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്.
പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് 30ലധികം പൊതുതാൽപര്യ ഹരജികൾ സുപ്രീംകോടതി പരിഗണനയിലുണ്ട്.
അതേസമയം നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐ ഇന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയിൽ വഞ്ചന, ക്രിമിനിൽ ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.