ന്യൂഡൽഹി: നീറ്റ് സംവരണം സംബന്ധിച്ച കേസിൽ സുപ്രീം കോടതി തീർപ്പുകൽപിക്കുന്നത് വരെ നീറ്റ്-പി.ജി കൗൺസിലിങ് നടത്തില്ലെന്ന് കേന്ദ്ര സർക്കാർ. അഖിലേന്ത്യാ ക്വാട്ടയിൽ ഒ.ബി.സി, സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തിന്റെ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിൽ തീരുമാനമാകുന്നത് വരെ പ്രവേശന നടപടികൾ തുടങ്ങില്ലെന്നാണ് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് സുപ്രീംകോടതിയിൽ ഉറപ്പ് നൽകിയത്.
നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ് പി.ജി) 2021 അടിസ്ഥാനമാക്കി, മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന അലോട്ട്മെന്റുകളുമായി ബന്ധപ്പെട്ട നടപടികള്‍ ഇന്ന് മുതൽ ആരംഭിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാൽ, പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിന് 'നീറ്റ്' എഴുതിയവർക്കുള്ള അഖിലേന്ത്യ ക്വോട്ടയിൽ ഒ.ബി.സിക്കാർക്ക് 27 ഉം മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ഉം ശതമാനം സംവരണം നൽകിയത് ചോദ്യം ചെയ്യുന്ന ഹരജി കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം വാദം കേട്ട സുപ്രീം കോടതി ഈകേസ് 28ന് വീണ്ടും പരിഗണിക്കും. ഈ സാഹചര്യത്തിൽ ഇന്ന് നീറ്റ് കൗൺസിലിങ് ആരംഭിക്കുന്നത് വിദ്യാർഥികളെ ദോഷകരമായി ബാധിക്കുമെന്ന് ഉദ്യോഗാർഥികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ കോടതിയെ ബോധിപ്പിച്ചു. കൗൺസിലിങ് ആരംഭിച്ചാൽ, കോടതി തീരുമാനമാകുേമ്പാഴേക്കും അലോട്ട്മെന്റിന്റെ മുഴുവൻ പ്രക്രിയയും അവസാനിച്ചേക്കാമെന്നും അരവിന്ദ് ദത്താർ ചൂണ്ടിക്കാട്ടി.
മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിൽ സംവരണം നൽകാൻ വാർഷിക വരുമാന പരിധി എട്ടു ലക്ഷം രൂപയായി സർക്കാർ നിശ്ചയിച്ചതിെൻറ മാനദണ്ഡം കഴിഞ്ഞ ദിവസം സുപ്രീംകോടതി ചോദ്യം ചെയ്തു. മറ്റു പിന്നാക്ക വിഭാഗങ്ങളിലെ (ഒ.ബി.സി) ക്രീമിലെയർ പരിധിയും എട്ടു ലക്ഷം തന്നെയാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിെൻറ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. മുന്നാക്കക്കാർക്കും പിന്നാക്കക്കാർക്കും ഇത്തരത്തിൽ ഒരേ സംവരണ വരുമാനപരിധി നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണ്? ഒരു പരിധി ഏർപ്പെടുത്തിയതിനു മുമ്പ് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ? മാനദണ്ഡം വ്യക്തമാക്കാൻ സർക്കാറിന് കഴിയില്ലെങ്കിൽ ബന്ധപ്പെട്ട വിജ്ഞാപനം തന്നെ സ്റ്റേ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി. ഉടൻ സത്യവാങ്മൂലം നൽകാമെന്ന് വാക്കു നൽകിയതാണ് കേന്ദ്ര സർക്കാർ അത് ഒഴിവാക്കിയത്.
സാമൂഹികവും സാമ്പത്തികവും ജനസംഖ്യാപരവുമായ ചില കണക്കുകൾ സർക്കാറിന് ഇക്കാര്യത്തിൽ ഉണ്ടായിരിക്കണമെന്ന് കോടതി പറഞ്ഞു. എട്ടു ലക്ഷമെന്ന വരുമാനപരിധി വായുവിൽ നിന്നെടുത്തു വെക്കാനാവില്ല. ഒ.ബി.സിക്ക് തത്തുല്യമെന്ന കാര്യം മാത്രമേ സർക്കാറിന് പറയാനുള്ളൂ. ഒ.ബി.സിക്കാർക്കും മുന്നാക്ക സംവരണക്കാർക്കും ഒരേ ക്രീമിലെയർ വരുമാനപരിധി വെക്കുേമ്പാൾ തുല്യരല്ലാത്തവരെ തുല്യരായി സമീകരിക്കുകയാണ് സർക്കാർ ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കിയേ മതിയാവൂ. വിശദ സത്യവാങ്മൂലം കോടതിക്കു നൽകണം. ആവശ്യമായ രേഖകളും ഹാജരാക്കണം.
ഒ.ബി.സി വിഭാഗക്കാരിൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ ഒഴിവാക്കുന്നത് സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ കുറഞ്ഞതു കൊണ്ടാണ്. സാമ്പത്തിക സംവരണമാകട്ടെ, ധനസ്ഥിതി മാത്രം അടിസ്ഥാനപ്പെടുത്തി ദുർബലരെ ഉൾക്കൊള്ളിക്കാനാണ്. അതായത്, ഒ.ബി.സിയിൽ വരുമാന പരിധി ഒഴിവാക്കലിനു വേണ്ടിയാണ്. സാമ്പത്തിക സംവരണത്തിെൻറ കാര്യത്തിലാകട്ടെ, ഉൾക്കൊള്ളിക്കാൻ വേണ്ടിയാണ്. അത്തരമൊരു സാഹചര്യത്തിൽ ഒ.ബി.സിക്കും സാമ്പത്തിക സംവരണക്കാർക്കും ഒരേ വരുമാനപരിധി വെക്കുന്നത് സ്വേഛാപരമാെണന്നും കോടതി പറഞ്ഞു.
10 ശതമാനം സാമ്പത്തിക സംവരണം ശിപാർശ ചെയ്ത കമീഷൻ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഈ വരുമാന പരിധി നിശ്ചയിച്ചതെന്ന് കേന്ദ്രസർക്കാറിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് വിശദീകരിച്ചു. എന്നാൽ കോടതി അത് അംഗീകരിച്ചില്ല. സാമ്പത്തിക സംവരണത്തിന് അർഹരായവരെ നിർണയിക്കാനുള്ള മാനദണ്ഡം നിശ്ചയിക്കുന്നതിനു മുമ്പ് എന്തെങ്കിലും പഠനമോ പരിശോധനയോ സർക്കാർ നടത്തിയിരുന്നോ എന്ന് സത്യവാങ്മൂലത്തിൽ വിശദീകരിക്കണം. ഭരണഘടനയുടെ 15(2) അനുഛേദപ്രകാരം നടത്തിയ നടപടികൾ എന്താണെന്ന് സർക്കാർ കോടതിയോട് പറയണമെന്നും കോടതി വ്യക്തമാക്കി. കേസ് 28ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.