പാറ്റ്ന: നീറ്റ്-യു.ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചാ കേസിൽ രണ്ടു പേരെ പാറ്റ്ന സി.ബി.ഐ പ്രത്യേക കോടതി റിമാൻഡ് ചെയ്തു. ചിന്തു എന്ന ബൽദേവ് കുമാർ, മുകേഷ് കുമാർ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന സി.ബി.ഐ ആവശ്യപ്രകാരമാണ് കോടതി നടപടി.
പ്രതികൾക്കെതിരായ എഫ്.ഐ.ആർ സി.ബി.ഐ കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതികളെ ബിഹാർ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എഫ്.ഐ.ആർ പ്രകാരം കേസിൽ എട്ടു പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. സഞ്ജീവ് മുഖിയ, സിക്കന്ദർ യാദവേന്ദു, അമിത് ആനന്ദ്, ആയുഷ് രാജ്, നിതീഷ് കുമാർ, രാഖി, അഖിലേഷ്, ബിട്ടു എന്നിവരാണ് പ്രതികൾ.
നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായി ആറ് വ്യത്യസ്ത കേസുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
മേയ് അഞ്ചിന് 24 ലക്ഷം വിദ്യാർഥികൾ എഴുതിയ അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്-യു.ജി) ചോദ്യപേപ്പറാണ് ചോർന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ട് ബിഹാർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേന്ദ്ര സർക്കാറിന് സമർപ്പിച്ചിരുന്നു.
ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ചോദ്യപേപ്പർ ചോർച്ചയെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിടാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് 30ലധികം പൊതുതാൽപര്യ ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.