ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച ആരോപണങ്ങൾക്കിടെ നീറ്റ് യു.ജിയുടെ കൗൺസിലിങ് മാറ്റി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൗൺസിങ് ഉണ്ടാവില്ലെന്നാണ് വിവരം. ഇന്ന് തുടങ്ങാനിരുന്ന കൗൺസിലിങ്ങാണ് മാറ്റിയത്. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. കൗൺസിലിങ്ങിന്റെ പുതിയ തീയതി പിന്നീട് അറിയിക്കും.
അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യു.ജി) ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു.
പരീക്ഷയുടെ രഹസ്യസ്വഭാവം വലിയതോതില്‍ ലംഘിക്കപ്പെട്ടതിന് തെളിവുകളില്ലെന്നും വീണ്ടും നടത്തുന്നത് യുക്തിസഹമല്ലെന്നും കേന്ദ്ര സർക്കാർ വെള്ളിയാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച, ക്രമക്കേട് തുടങ്ങിയവ ചൂണ്ടിക്കാട്ടി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം വിദ്യാഭ്യാസ മന്ത്രാലയം സത്യവാങ്മൂലം സമർപ്പിച്ചത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുണ്ടായത് ഏതാനും പ്രദേശങ്ങളിൽ മാത്രമാണ്.
അതുകൊണ്ട് പരീക്ഷ പൂര്‍ണമായും റദ്ദാക്കുന്നത് സത്യസന്ധരായ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയാണ് ബാധിക്കുന്നത്. കേസിൽ സി.ബി.ഐ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. മത്സര പരീക്ഷകള്‍ സുതാര്യമായി നടത്താന്‍ പ്രതിജ്ഞബദ്ധമാണ്. ഊഹാപോഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഹരജികൾ തള്ളണമെന്നും കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.