ന്യൂഡൽഹി: ഭാരതം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ രാജ്യത്തെത്തിക്കണമെന്ന് അദ്ദേഹത്തിന്റെ മകൾ അനിത ബോസ് ഫാഫ്. ജപ്പാൻ തലസ്ഥാനമായ ടോക്യോയിലെ ക്ഷേത്രത്തിലുള്ളത് നേതാജിയുടെ ഭൗതികാവശ്യം തന്നെയാണ് ഉറപ്പുണ്ടെന്നും അവർ പറഞ്ഞു.
79കാരിയായ അനിത ബോസ് ജർമനിയിലാണ് താമസിക്കുന്നത്. ജപ്പാനിലെ ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികാവശിഷ്ടം നേതാജിയുടെതാണെന്ന് തെളിയിക്കാൻ ഡി.എൻ.എ ടെസ്റ്റിനു തയാറാണെന്നും അവർ പറഞ്ഞു. മൃതദേഹം ദഹിപ്പിച്ചതിന്റെ ചാരമാണ് ക്ഷേത്രത്തിലുള്ളത്. ചാരത്തിൽ നിന്ന് ഡി.എൻ.എ സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്താനുള്ള അത്യാധുനിക സാങ്കേതിക വിദ്യ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. 1945 ആഗസ്റ്റ് 18ന് നേതാജി മരിച്ചിട്ടില്ലെന്ന് ഇപ്പോഴും വിശ്വസിക്കുന്നവർക്ക് അത് ശാസ്ത്രീയമായ തെളിവായിരിക്കും.
രെങ്കോജി ക്ഷേത്രത്തിലെ പൂജാരിയും ജപ്പാൻ സർക്കാരും ചാരം ഡി.എൻ.എ ടെസ്റ്റ് നടത്താൻ സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം ജൻമാട്ടിലേക്ക് കൊണ്ടുവരാനുള്ള തയാറെടുപ്പുകളാണ് വേണ്ടത്. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിൽ കവിഞ്ഞ മറ്റൊന്നും നേതാജിക്ക് പ്രധാനമായിരുന്നില്ല. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതായിരുന്നു അദ്ദേഹം കണ്ട ഏക സ്വപ്നം. എന്നാൽ ഇപ്പോഴും സ്വാതന്ത്ര്യത്തിന്റെ സന്തോഷം അനുഭവിക്കാൻ അദ്ദേഹത്തിന്റെ ആത്മാവിന് കഴിഞ്ഞിട്ടില്ല. അതിനായി ഭൗതികാവശിഷ്ടമെങ്കിലും പിറന്ന മണ്ണിൽ എത്തിക്കേണ്ടത് അനിവാര്യമാണ്-അനിത ബോസ് പറഞ്ഞു.
ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ഇന്ത്യൻ നാഷനൽ ആർമി സ്ഥാപിച്ച നേതാജിയുടെ ഭൗതികാവശിഷ്ടം ഇന്ത്യൻ ചരിത്രത്തിലെ വലിയ ദുരൂഹതകളിലൊന്നായി അവശേഷിക്കുകയാണ്. അനിത ബോസ് അദ്ദേഹത്തിന്റെ ഏക മകളാണ്. വർഷങ്ങളായി നേതാജി വിമാനാപകടത്തിൽ മരിച്ചതാണെന്നും അദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിച്ച ചാരം രെങ്കോജി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അവർ വാദിക്കുകയാണ്. വിമാനാപകടത്തിൽ മരിച്ചു എന്നാണ് സുഭാഷ് ചന്ദ്രബോസിന്റെ ഭൂരിഭാഗം കുടുംബാംഗങ്ങളും വിശ്വസിക്കുന്നത്.
''75 വർഷങ്ങൾക്ക് ശേഷം, കൊളോണിയൽ ഭരണത്തിന്റെ ചങ്ങലകൾ വലിച്ചെറിയാൻ ഇന്ത്യക്ക് കഴിഞ്ഞു. സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രമുഖനായ നായകന്മാരിൽ ഒരാളായ സുഭാഷ് ചന്ദ്രബോസ് "ഇതുവരെ മാതൃരാജ്യത്തേക്ക് മടങ്ങിയിട്ടില്ല" എന്നും അനിത ബോസ് സൂചിപ്പിച്ചു. പിതാവിന്റെ സ്മരണക്കായി ഇന്ത്യയിൽ നിരവധി സ്മാരകങ്ങൾ പണിതിട്ടുണ്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ പ്രധാനപ്പെട്ട ഗംഭീരമായ മറ്റൊരു സ്മാരകം അനാഛാദനം ചെയ്യാനിരിക്കയാണ്. നേതാജിയോടുള്ള അവരുടെ സ്നേഹം പ്രചോദനം നൽകുന്നതാണ്. ചിലർ ഇപ്പോഴും നേതാജി അന്നത്തെ വിമാനാപകടത്തിൽ മരിച്ചിട്ടില്ലെന്നും അദ്ദേഹം തിരിച്ചുവരുമെന്നും വിശ്വസിക്കുന്നു. എന്നാൽ വിദേശ രാജ്യത്തുണ്ടായ അപകടത്തിൽ നേതാജി മരിച്ചതായി രേഖകളുണ്ട്. അദ്ദേഹം ഭൗതികാവശിഷ്ടം ജപ്പാനിൽ ക്ഷേത്രത്തിൽ തൽകാലത്തേക്ക് സൂക്ഷിച്ചിരിക്കയാണ്.''-അവർ കൂട്ടിച്ചേർത്തു.
സുഭാഷ് ചന്ദ്രബോസ് 1945 ആഗസ്റ്റ് 18ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് കരുതുന്നത്. ഇതെ കുറിച്ച് അന്വേഷിക്കാൻ നെഹ്റുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷൻ, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷൻ എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തിൽ മരണപ്പെട്ടു എന്ന് സ്ഥിരീകരിക്കുകയുണ്ടായി. എന്നാൽ പാർലമെന്റ് അംഗങ്ങളുടെയും പൊതുജനങ്ങളുടെയും പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോർട്ടുകളും മൊറാർജി ദേശായിയുടെ ഭരണകാലത്ത് സർക്കാർ തള്ളിക്കളഞ്ഞു.
തുടർന്ന് 1999ൽ വാജ്‌പേയിയുടെ ഭരണകാലത്ത് മുഖർജി കമ്മീഷൻ നിലവിൽ വന്നു. 1945ൽ മേൽപ്പറഞ്ഞ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി. ബോസിന്റേതെന്ന് സർക്കാർ അവകാശപ്പെടുന്ന രെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷൻ സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.