കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണം വിമാനാപകടത്തിലാണെന്നതിൽ സംശയമില്ലെന്നും മറിച്ചുള്ള കഥകളെല്ലാം അദ്ദേഹത്തിന്റെ പ്രശസ്തി ഉപയോഗപ്പെടുത്തി പേരെടുക്കാൻ ശ്രമിച്ചവരുടെ കഥകളാണെന്നും ബോസിന്റെ സഹോദര പൗത്രൻ സുഗത ബോസ്. ഇത്തരം ഇല്ലാക്കഥകൾ നേതാജിയുടെ കുടുംബത്തെ ഏറെ വേദനിപ്പിച്ചെന്നും അറിയപ്പെടുന്ന ചരിത്രകാരനും ഹാർവാഡ് സർവകലാശാല പ്രഫസറുമായ സുഗത ബോസ് കൊൽക്കത്തയിൽ പറഞ്ഞു.
1945 ആഗസ്റ്റ് 18ന് വിയറ്റ്നാമിലെ സായ്ഗോണിൽനിന്ന് (ഇപ്പോഴത്തെ ഹോച്മിൻ സിറ്റി) തായ്വാനിലെ തായ്പേയിലെത്തി, ടോക്യോവിലേക്ക് പോകാനായി അവിടെനിന്ന് ഡൈറനിലേക്ക് (ഇപ്പോൾ ചൈനയിൽ) പറക്കവേ വിമാനം തകർന്നാണ് നേതാജി ജീവൻ വെടിഞ്ഞതെന്ന് സുഗത ബോസ് പറയുന്നു. എന്നാൽ, 1945നുശേഷം അദ്ദേഹം അപ്രത്യക്ഷനായെന്നും പിന്നീട് പല പേരുകളിലും പ്രത്യക്ഷപ്പെട്ടിരുന്നെന്നും പറഞ്ഞ് പലരും പല കഥകളും ഇറക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സുഗത ബോസിന്റെ മാതാവ് പരേതയായ കൃഷ്ണ ബോസ് രചിച്ച, ഈയിടെ പുറത്തിറങ്ങിയ 'ദ ലൈഫ് ആൻഡ് സ്ട്രഗ്ൾ ഓഫ് നേതാജി സുഭാഷ് ചന്ദ്രബോസ്' എന്ന നേതാജിയുടെ ജീവിതം പറയുന്ന പുസ്തകത്തിൽ അദ്ദേഹത്തിന്റെ അന്ത്യം സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ''വിമാനാപകടം സംബന്ധിച്ച് പുസ്തകത്തിൽ പ്രത്യേക അധ്യായംതന്നെയുണ്ട്. നേതാജിയുടെ അവസാന യാത്രയിൽ പാതിവഴി കൂടെയുണ്ടായിരുന്ന, ഐ.എൻ.എയിൽ നേതാജിയുടെ വിശ്വസ്ത അനുയായിയുമായ ആബിദ് ഹസന്റെ ദൃക്സാക്ഷി വിവരണത്തിൽ എല്ലാം വ്യക്തമാണ്.
1976ൽ അമ്മയും ആബിദ് ഹസനും ഞങ്ങളുടെ കൽക്കട്ട വസതിയിൽവെച്ച് നടത്തിയ ദിവസങ്ങൾ നീണ്ട സംഭാഷണത്തിൽനിന്നുള്ള ഈ വിവരങ്ങളെല്ലാം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്'' -സുഗത ബോസ് വിശദീകരിച്ചു.
1945 ആഗസ്റ്റ് 17ന് ബാങ്കോക്കിൽനിന്ന് സായ്ഗോണിലേക്കുള്ള യാത്രയിലാണ് ആബിദ് ഹസൻ നേതാജിയെ അനുഗമിച്ചിരുന്നത്. അവിടന്ന് തായ്പേയിലേക്ക് അനുഗമിച്ചത് നേതാജിയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹബീബുറഹ്മാനായിരുന്നു.
തായ്പേയിൽനിന്ന് പറന്നുയർന്ന ഉടൻ വിമാനം തകർന്നുവീഴുകയായിരുന്നെന്നും ആബിദ് ഹസൻ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.