കൊൽക്കത്ത: നേതാജിയുടെ ചെറുമകനും ബി.ജെ.പി പശ്ചിമബംഗാൾ വൈസ് പ്രസിഡൻറുമായ ചന്ദ്രകുമാർ ബോസിനെ സി.എ.എയെ എതിർത്തതിെൻറ പേരിൽ സ്ഥാനത്തുനിന്ന് പുറത്താക്കി. തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ചുള്ള തന്ത്രമാണിതെന്ന് അദ്ദേഹം ആരോപിച്ചു.
അടുത്ത വർഷം നടക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ബംഗാളിൽ ബി.ജെ.പി പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്. മമത ബാനർജിയെ അട്ടിമറിച്ച് സംസ്ഥാനത്ത് ആദ്യ ബി.ജെ.പി സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് പാർട്ടി. മോദി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബോസ് ശബ്ദമുയർത്തിയിരുന്നു. അയൽരാജ്യങ്ങളിൽ പീഡനത്തിനിരയാകുന്ന എല്ലാവർക്കും പൗരത്വം നൽകണമെന്നും മുസ്ലിംകളെ ഒറ്റപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അദ്ദേഹം നിരവധി തവണ കത്തയിച്ചിരുന്നു.
സി.എ.എ വിഷയത്തിൽ പാർട്ടി നിലപാടിനെ എതിർത്തതിനാലാണ് തന്നെ പുറത്താക്കിയതെന്ന് ബോസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, അദ്ദേഹം രാഷ്ട്രീയമായി അപ്രസക്തനാണെന്നും പതിവായി പാർട്ടിയെ അപമാനിക്കുന്നുവെന്നും ബി.ജെ.പി നേതൃത്വം ആരോപിച്ചു. എങ്കിലും അദ്ദേഹം പാർട്ടി അംഗമായി തുടരുമെന്നും ഇവർ പറഞ്ഞു.
പുറത്താക്കപ്പെടുന്നതിന് മുമ്പ് തന്നോട് ആലോചിച്ചിട്ടില്ലെന്നും തീരുമാനം വ്യക്തിപരമായി അറിയിച്ചിട്ടില്ലെന്നും ബോസ് പറഞ്ഞു. അംഫൻ ചുഴലിക്കാറ്റുമായി ബന്ധെപപടട് 10 ദിവസം മുമ്പ് കേന്ദ്ര നേതാക്കളുമായി വീഡിയോ കോൺഫറൻസിൽ പങ്കെടുത്തിരുന്നു. തന്നെ ഒഴിവാക്കുമെന്ന സൂചനകളൊന്നും അന്ന് നേതാക്കൾ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.