ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാന സൈനിക പങ്കാളിയായ ഇസ്രായേലിെൻറ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഡൽഹിയിൽ. പരസ്പര ബന്ധം കൂടുതൽ വിപുലപ്പെടുത്താനാണ് ആറു ദിവസത്തെ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി നെതന്യാഹുവിനെ കെട്ടിപ്പുണർന്ന് സ്വീകരിച്ച് ബന്ധങ്ങളുടെ ഉൗഷ്മളത പ്രകടമാക്കി. എന്നാൽ, ഫലസ്തീൻ ജനതയോട് ക്രൂരത തുടരുന്ന ഇസ്രായേലിനോട് പൊരുത്തപ്പെടാൻ കഴിയില്ലെന്ന പ്രഖ്യാപനവുമായി ഇടതു പാർട്ടികളും വിവിധ സാമൂഹിക സംഘടനകളും തിങ്കളാഴ്ച ദേശവ്യാപക പ്രതിഷേധം ആചരിക്കും. ഡൽഹിയിലെ ഇസ്രായേൽ എംബസിയിലേക്ക് ഉച്ചതിരിഞ്ഞ് പ്രതിഷേധ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
2003ൽ ഏരിയൽ ഷാരോൺ വന്നുപോയശേഷം ഇതാദ്യമായാണ് ഒരു ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യയിൽ എത്തുന്നത്. ഒന്നര പതിറ്റാണ്ടിനിടയിൽ ഇന്ത്യ-ഇസ്രായേൽ ബന്ധം തന്ത്രപര പങ്കാളിത്തമായി വികസിച്ചു. പടക്കോപ്പും മറ്റു വ്യാപാരവും നിക്ഷേപവും വിപുലപ്പെടുത്തുന്ന നിരവധി കരാറുകൾ ഇൗ സന്ദർശനത്തിനൊപ്പം ഒപ്പുവെക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രായേലിൽ വൻവരവേൽപാണ് നെതന്യാഹു നൽകിയത്. മെഡിറ്ററേനിയൻ കടൽത്തീരത്തെ ഉല്ലാസം അടക്കം മൂന്നുദിവസം മുഴുസമയവും മോദിക്കൊപ്പം ചെലവിട്ട നെതന്യാഹുവിന് ഒട്ടും കുറയാത്ത സ്വീകരണ സൽക്കാരങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മോദിയുടെ നാടായ ഗുജറാത്തിലേക്ക് നെതന്യാഹു പ്രത്യേകമായി പോകുന്നുണ്ട്. അവിടെ രണ്ടു പ്രധാനമന്ത്രിമാരും ചേർന്ന് റോഡ് ഷോ നടത്തും.
വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ബിന്യമിൻ നെതന്യാഹു ഞായറാഴ്ച കണ്ടു. തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. തുടർന്ന്, പ്രധാനമന്ത്രിമാർ കരാർ ഒപ്പുവെക്കുന്നതിെൻറ ചർച്ചകളിലേക്ക് കടക്കും. ഇൗ യാത്രക്കിടയിൽ ചൊവ്വാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി താജ്മഹൽ സന്ദർശിക്കുന്നുണ്ട്. 18ന് മുംബൈയിൽ. 130 അംഗ വ്യവസായ പ്രതിനിധി സംഘവും നെതന്യാഹുവിന് ഒപ്പമുണ്ട്.
പ്രതിരോധ വ്യാപാരികളായ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് മേധാവിയും ഇക്കൂട്ടത്തിലുണ്ട്. സ്പെക് ടാങ്ക്വേധ മിസൈൽ വാങ്ങുന്നതിനുള്ള 500 ദശലക്ഷം ഡോളറിെൻറ കരാർ അവർക്ക് നവംബറിൽ നഷ്ടപ്പെട്ടിരുന്നു. വിലക്കൂടുതൽ, സാേങ്കതിക േപാരായ്മ തുടങ്ങിയവയാണ് കാരണങ്ങൾ. മുൻപത്തെ ഒാർഡർ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇസ്രായേൽ നടത്തുന്നുണ്ട്. നെതന്യാഹുവിെൻറ ഇന്ത്യ സന്ദർശനം സവിശേഷവും ചരിത്രപരവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റർ സന്ദേശത്തിൽ വിശേഷിപ്പിച്ചു.
തീൻമൂർത്തി ചൗക്കിന് ഇസ്രായേൽ നഗരത്തിന്റെ പേര്
ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ ഒൗദ്യോഗിക വസതിയായിരുന്ന തീൻമൂർത്തി ഭവനു മുമ്പിലെ ചൗക്കിന് നെതന്യാഹുവിെൻറ സന്ദർശനത്തോടെ ഒൗപചാരികമായി തീൻമൂർത്തി ഹൈഫ ചൗക്ക് എന്ന് പേരുമാറ്റി. വിമാനത്താവളത്തിൽനിന്ന് ഇസ്രായേൽ പ്രധാനമന്ത്രിയും നരേന്ദ്ര മോദിയും നേരെ തീൻമൂർത്തി സ്മാരകത്തിലേക്കാണ് എത്തിയത്. ഒന്നാം ലോകയുദ്ധ കാലത്ത് തുറമുഖ നഗരമായ ഹൈഫയിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികർക്ക് ആദരമർപ്പിക്കുന്നതായിരുന്നു ചടങ്ങ്. ഹൈഫ ഇന്ന് ഇസ്രായേലിലാണ്.
#WATCH LIVE: Israeli PM Benjamin Netanyahu arrives in Delhi https://t.co/cmkFTRtPs7
— ANI (@ANI) January 14, 2018
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.