ന്യൂഡൽഹി: കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയ പ്രധാനമന്ത്രി രാജിവെക്കണമെന്ന ഹാഷ്ടാഗ് ദിനേനയെന്നോണം ട്വിറ്ററിൽ ട്രെൻഡിങ് ആകുന്നതിനിടെ പ്രതിഷേധത്തിന്‍റെ വേറിട്ട രീതിയുമായി എതിരാളികൾ. ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് മോദി കുറിച്ച ഒരു ട്വീറ്റിന്‍റെ ചുവടുപിടിച്ചാണ് പ്രധാനമന്ത്രി സ്ഥാനമൊഴിയണമെന്ന ആവശ്യം കോൺഗ്രസ് അടക്കമുള്ളവർ പുതുരീതിയിൽ മുന്നോട്ടുവെക്കുന്നത്.
'ഇന്ത്യക്ക് കരുത്തുറ്റ ഒരു സർക്കാറിനെയാണ് ആവശ്യം. മോദിയെന്നതൊന്നും അതിൽ വിഷയമല്ല. എനിക്ക് തിരിച്ചുപോയി ഒരു ചായക്കട തുടങ്ങാൻ കഴിയും. എന്നാൽ, രാജ്യത്തിന് ഇനിയും സഹിക്കാനാവില്ല' -മൻമോഹൻ സിങ് സർക്കാറിനെതിരെ മോദി 2014 ഏപ്രിൽ 29ന് പോസ്റ്റ് ചെയ്ത ട്വീറ്റ് ഇതായിരുന്നു. പഴയ ഈ ട്വീറ്റ് കുത്തിപ്പൊക്കിയാണ് െനറ്റിസൺസ് 'ResignModi' ഹാഷ്ടാഗിന് കരുത്ത് പകരുന്നത്.
ചായക്കട തുടങ്ങാൻ മോദിക്ക് സഹായം വാഗ്ദാനം ചെയ്താണ് മോദി രാജിവെക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെടുന്നത്. ഇതിനായി ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ പ്രധാനമന്ത്രിയുടെ പേരിൽ കെറ്റിൽ (ചായപ്പാത്രം) ഓർഡർ ചെയ്യുകയാണ് ചിലർ. ഈ പ്രതിഷേധരീതി സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ ഉപദേഷ്ടാവായ സുബോധ് ഹരിത്വാൾ പ്രധാനമന്ത്രിയുടെ വിലാസത്തിൽ ആമസോണിൽ ചായപ്പാത്രം ഓർഡർ ചെയ്തതിന്റെ രശീതി ട്വിറ്ററിൽ പങ്കുവെച്ചു. ''പ്രിയ മോദിജീ; നിങ്ങളുടെ ആഗ്രഹപ്രകാരം ഒരു ചായപ്പാത്രം അയക്കുന്നു. രാജ്യത്തിന് ഇനിയും സഹിക്കാനാവില്ല. നിങ്ങളുടെ അപേക്ഷ പ്രകാരം ഒരു ചായക്കട തുടങ്ങൂ' -സുബോധ് ട്വീറ്റ് ചെയ്തു.
പേ ഓൺ ഡെലിവറി അടിസ്ഥാനത്തിലാണ് സുബോധ് കെറ്റിൽ ഓർഡർ ചെയ്തത്. ലോക് കല്യാൺ മാർഗ്, റേസ് കോഴ്സ്, ന്യൂഡൽഹി എന്ന പ്രധാനമന്ത്രിയുടെ വസതിയുടെ വിലാസമാണ് സാധനം നൽകേണ്ട അഡ്രസായി രേഖപ്പെടുത്തിയിട്ടുള്ളത്. 14 ചായ ഉണ്ടാക്കാൻ കഴിയുന്ന കെറ്റിലിന് 599 രൂപയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.