സംയുക്ത സൈനിക മേധാവിയായി ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു

ന്യൂഡൽഹി: രാജ്യത്തിന്‍റെ പുതിയ സംയുക്ത സൈനിക മേധാവിയായി (സി.ഡി.എസ്) ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു. കരസേന മേധാവി മനോജ് പാണ്ഡെ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി, നാവികസേന മേധാവി വൈസ് അഡ്മിറൽ എസ്.എൻ ഗോർമഡെ, എയർ മാർഷൽ ബി.ആർ. കൃഷ്ണ എന്നിവരും അനിൽ ചൗഹാന്‍റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് ജനറൽ അനിൽ ചൗഹാൻ ചുമതലയേൽക്കാൻ സൗത്ത് ബ്ലോക്കിലെത്തിയത്. സൗത്ത് ബ്ലോക്കിൽ പുതിയ സംയുക്ത മേധാവിക്ക് ഗാർഡ് ഓഫ് ഹോണർ നൽകി. പ്രഥമ സംയുക്ത സൈനിക മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്ത് ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ മരണമടഞ്ഞ് ഒമ്പത് മാസം പിന്നിടുമ്പോഴാണ് അനിൽ ചൗഹാന്‍റെ നിയമനം.


അനിൽ ചൗഹാന്‍ 1981ലാണ് ഇന്ത്യൻ സൈന്യത്തിലെ 11 ഗൂർഖ റൈഫിൾസിന്‍റെ ഭാഗമായത്. 40 വർഷത്തെ സൈനിക സേവനത്തിന് ശേഷം സേനയുടെ ഈസ്റ്റേൺ കമാൻഡ് ചീഫായി 2021 മെയിലാണ് ലെഫ്. ജനറൽ അനിൽ ചൗഹാൻ വിരമിച്ചത്. ജമ്മു കശ്മീരിലെയും വടക്ക് കിഴക്കൻ മേഖലകളിലെയും നുഴഞ്ഞുകയറ്റം തടയുന്ന പ്രവർത്തനങ്ങളിൽ വിപുലമായ അനുഭവ സമ്പത്തുള്ളയാളാണ് അദ്ദേഹം. സൈന്യത്തിലെ സ്തുത്യർഹ സേവനത്തിന്, പരമ വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, സേവ മെഡൽ എന്നിവ നേടിയിട്ടുണ്ട്.


സേനാ വിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായി പ്രവർത്തിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് സംയുക്ത സൈനിക മേധാവി. പ്രതിരോധ രംഗത്ത് കൃത്യമായ ഏകോപനം നിലനിർത്തുക എന്നതും സി.ഡി.എസിന്‍റെ ചുമതലയാണ്. മേക്ക് ഇൻ ഇന്ത്യ പ്രതിരോധ പദ്ധതിയുടെയും പ്രതിരോധ മേഖലയിലെ ആത്മനിർഭർ ഭാരത് പദ്ധതികളുടെയും ചുമതലയും സംയുക്ത സൈനിക മേധാവിക്കായിരിക്കും.


കഴിഞ്ഞ വര്‍ഷം ഡിസംബർ എട്ടിനാണ് തമിഴ്‌നാട്ടില്‍ ഊട്ടിക്കടുത്ത് കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായ ജനറൽ ബിപിന്‍ റാവത്തും ഭാര്യയും അടക്കം 13 പേർ മരിച്ചത്.



Tags:    
News Summary - New Chief Of Defence Staff (CDS) Is Lt General Anil Chauhan (Retired) take power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.