പുതുതായി രൂപവത്കരിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ പ്രവർത്തനങ്ങൾക്ക് ഇന്ന് ഹൈദരാബാദിൽ തുടങ്ങുന്ന പ്രഥമ യോഗത്തോടെ തുടക്കം. ആതിഥേയത്വം വഹിക്കുന്ന തെലങ്കാന അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും 2024ലെ പൊതുതെരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട തന്ത്രങ്ങളും മണിപ്പൂരിലെയും ഹരിയാനയിലെയും വർഗീയ കലാപങ്ങളും സമിതി ചർച്ചചെയ്യും.
ദ്വിദിന പ്രവർത്തകസമിതി ഞായറാഴ്ച വൈകീട്ട് ഹൈദരാബാദിൽ നടക്കുന്ന ‘വിജയ ഭേരി’ റാലിയോടെ സമാപിക്കും. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അധ്യക്ഷതവഹിക്കുന്ന യോഗത്തിന്റെ ആദ്യ ദിനം സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടക്കമുള്ള പ്രവർത്തകസമിതി അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളുമുണ്ടാകും. രണ്ടാംദിവസത്തെ വിശാല പ്രവർത്തകസമിതിയിൽ ഇവർക്കുപുറമെ എല്ലാ സംസ്ഥാനങ്ങളിലെയും പി.സി.സി പ്രസിഡന്റുമാരും നിയമസഭ പാർട്ടി നേതാക്കളും പങ്കെടുക്കും. കോൺഗ്രസിന്റെ നാല് സംസ്ഥാന മുഖ്യമന്ത്രിമാർ രണ്ടുദിവസവും പ്രവർത്തകസമിതിക്കുണ്ടാകും. 90 പേർ പങ്കെടുക്കേണ്ട പ്രവർത്തകസമിതിയിൽ ആറുപേർ വ്യക്തിപരമായ പ്രയാസങ്ങൾ അറിയിച്ചിട്ടുണ്ട്.
പ്രവർത്തകസമിതിക്കു മുന്നോടിയായി വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ്എന്നിവർ സംബന്ധിച്ചു. തെലങ്കാനയിൽ മാത്രമല്ല, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. തെലങ്കാന സംസ്ഥാനം വാഗ്ദാനംചെയ്തതും നടപ്പാക്കിയതും സോണിയ ഗാന്ധിയാണ്. കോൺഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയും അതിന്റെ പ്രത്യയശാസ്ത്രവുമാണെന്നും പല്ലും നഖവുമുപയോഗിച്ച് അതിനെ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈദരാബാദ്: പുതിയ കോൺഗ്രസ് പ്രവർത്തക സമിതിയിൽ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലടക്കം കേരളത്തിൽ നിന്ന് അഞ്ചുപേരുണ്ടാകും. വേണുഗോപാലിന് പുറമെ പ്രവർത്തകസമിതി അംഗങ്ങളായ എ.കെ. ആന്റണി, ശശി തരൂർ എം.പി, സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല, പ്രത്യേക ക്ഷണിതാവ് കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവരാണ് പങ്കെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.