ന്യൂഡൽഹി: വിദ്യാർഥികളിൽ ആത്മഹത്യയടക്കം പെരുകുന്ന സാഹചര്യത്തിൽ സ്വകാര്യ പ്രവേശന പരീക്ഷ പരിശീലന സ്ഥാപനങ്ങൾക്ക് കർശന മാർഗനിർദേശവുമായി കേന്ദ്ര സർക്കാർ. 16 വയസ്സിനു താഴെയുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകരുത്. തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനം നൽകരുത്. റാങ്കോ മികച്ച മാർക്കോ ഉറപ്പുകൊടുക്കരുതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു. സെക്കൻഡറി സ്കൂൾ പരീക്ഷ എഴുതിയ കുട്ടികൾക്ക് മാത്രമാകണം പ്രവേശനം. ഇത്തരം കോച്ചിങ് കേന്ദ്രങ്ങളുടെ അനിയന്ത്രിതമായ വളർച്ചക്ക് കടിഞ്ഞാണിടാനുള്ള ചട്ടക്കൂടിനും രൂപം നൽകി. ന്യായമായ ട്യൂഷൻ ഫീസ് വാങ്ങണമെന്നും കൃത്യമായി രസീത് നൽകണമെന്നും സർക്കാർ നിർദേശിക്കുന്നു. മുഴുവൻ ഫീസടച്ചശേഷം പരിശീലനം പൂർത്തിയാക്കാതെ മടങ്ങിയാൽ നിശ്ചിത അനുപാതം ട്യൂഷൻ ഫീസും ഹോസ്റ്റൽ ഫീസും മെസ് ഫീസും പത്ത് ദിവസത്തിനകം മടക്കി നൽകണമെന്ന കർശന വ്യവസ്ഥയുമുണ്ട്. വിദ്യാർഥികളുടെ ആത്മഹത്യയിലേക്ക് നയിക്കുന്ന സമ്മർദത്തിന് കാരണമായ അമിത ഫീസ് ഈടാക്കുന്നവരിൽ നിന്ന് ലക്ഷം രൂപവരെ പിഴയീടാക്കുകയോ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയോ ചെയ്യണമെന്ന് കേന്ദ്രം നിർദേശിച്ചു. ആത്മഹത്യകൾക്കു പുറമെ തീപിടിത്ത സംഭവങ്ങൾ, പരിശീലന സ്ഥാപനങ്ങളിലെ സൗകര്യക്കുറവ്, അധ്യാപനം എന്നിവയെക്കുറിച്ച് ലഭിച്ച പരാതികളെ തുടർന്നാണ് സർക്കാർ ഇടപെടൽ.
കുറഞ്ഞത് ബിരുദമെങ്കിലും യോഗ്യതയുള്ള ട്യൂട്ടർമാരെ മാത്രമേ സ്വകാര്യ പ്രവേശന പരീക്ഷ പരിശീലന സ്ഥാപനങ്ങളിൽ നിയമിക്കാൻ പാടുള്ളൂ. പരിശീലനത്തിന്റെ മികവ്, സ്ഥാപനത്തിലെ സൗകര്യം, മുൻ വർഷങ്ങളിലെ ഫലം എന്നിവയുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിക്കാൻ പാടില്ല. അധാർമിക വിഷയങ്ങളിലടക്കം ശിക്ഷിക്കപ്പെട്ട അധ്യാപകനെയോ മറ്റു ജീവനക്കാരെയോ നിയമിക്കാനാവില്ല. കുട്ടികളുടെ മാനസികാരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കൗൺസലിങ് സംവിധാനമുള്ള സ്ഥാപനത്തിനേ രജിസ്ട്രേഷൻ ലഭിക്കുകയുള്ളൂ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും എളുപ്പത്തിൽ കൗൺസലിങ് ലഭ്യമാകുമെന്ന് ഉറപ്പാക്കണം.
ട്യൂട്ടർമാരുടെ യോഗ്യത, കോഴ്സുകൾ, പാഠ്യപദ്ധതി, പൂർത്തിയാക്കുന്ന കാലയളവ്, ഹോസ്റ്റൽ സൗകര്യങ്ങൾ, ഈടാക്കുന്ന ഫീസ് എന്നിവയുടെ പുതുക്കിയ വിശദാംശങ്ങളുള്ള വെബ്സൈറ്റ് വേണമന്നും മാർഗനിർദേശത്തിൽ പറയുന്നു. കടുത്ത മത്സരവും അക്കാദമിക സമ്മർദവും നേരിടുന്ന വിദ്യാർഥികളുടെ മാനസിക ക്ഷേമത്തിനായി നടപടി വേണം. അനാവശ്യ സമ്മർദം ചെലുത്താതെ ക്ലാസുകൾ നടത്താനും നിർദേശമുണ്ട്. പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഇവരെക്കുറിച്ച് അന്വേഷിക്കുന്നതിനുമുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.