ബംഗളൂരു: പുതിയ ഇന്ത്യ കുതിച്ചുയരുന്ന യുദ്ധ വിമാനം പോലെയാണെന്നും അതിലെ പൈലറ്റിനെ പോലെ ഇന്ത്യ ഏറെ മുന്നോട്ട് വേഗത്തിൽ ചിന്തിക്കുകയും പെട്ടെന്ന് തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബംഗളൂരു യെലഹങ്ക വ്യോമസേനാ താവളത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു രാജ്യങ്ങൾക്കു മുന്നിൽ പേടിച്ചുനിൽക്കുകയല്ല ഇന്ത്യ.
പുതിയ ഉയരങ്ങളിൽ അദ്ഭുതപ്പെടുത്തുകയാണ്. ദശകങ്ങളായി വൻതോതിൽ സൈനിക ആയുധങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. ഇപ്പോൾ 75 രാജ്യങ്ങളിലേക്ക് സൈനിക ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നു. സ്വകാര്യ മേഖലയും ഇതിൽ പ്രധാന പങ്കുവഹിക്കുന്നു.
പുതിയ ചിന്തയും സമീപനങ്ങളുമായി രാജ്യം മുന്നോട്ട് നീങ്ങുമ്പോൾ രാജ്യത്തെ സംവിധാനങ്ങളും പുതിയ ചിന്തക്കനുസരിച്ച് മാറിത്തുടങ്ങുന്നു. മുമ്പ് എയ്റോ ഇന്ത്യ വെറും പ്രദർശനവും വിദേശകമ്പനികൾക്ക് ഉപകരണങ്ങൾ വിൽക്കാനുള്ള ഇടവുമായിരുന്നെങ്കിൽ, ഇന്നത് രാജ്യത്തിന്റെ ശക്തിയാണെന്ന് മോദി പറഞ്ഞു.
കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഗവർണർ താവർചന്ദ് ഗഹ് ലോട്ട് എന്നിവർ പങ്കെടുത്തു. തുടർന്ന് രാജ്യത്തിന്റെ സൈനിക വിമാനങ്ങളുടെ ആകാശ പ്രകടനം അരങ്ങേറി. എച്ച്.എ.എൽ ഏറ്റവുമൊടുവിൽ പുറത്തിറക്കിയ ലഘു ഹെലികോപ്റ്റർ മലയാളി വിങ് കമാൻഡർ ഉണ്ണി പിള്ള പറത്തി.
ലഘുയുദ്ധ ഹെലികോപ്റ്റർ പ്രചണ്ഡിന്റെ പ്രകടനവും വ്യോമസേനയുടെ അക്രോബാറ്റിക് അഭ്യാസ ടീമായ സൂര്യ കിരൺ, തേജസ്, സുഖോയ് 30 എം. വൺ, റഫാൽ വിമാനങ്ങളുടെ ആകാശ പ്രകടനവും അരങ്ങേറി. ഉച്ചകഴിഞ്ഞ് യു.എസിന്റെ പുതിയ പോർവിമാനങ്ങളായ എഫ്-35 പ്രദർശനത്തിനെത്തി. എഫ്-35 എ ലൈറ്റ്നിങ് 2, എഫ്-35 എ ജോയിന്റ് സ്ട്രൈക്ക് ഫൈറ്റർ എന്നിവയാണ് യെലഹങ്ക വ്യോമതാവളത്തിൽ ലാൻഡ് ചെയ്തത്.
കേന്ദ്ര പ്രതിരോധ മന്ത്രാലയവും പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒയും ചേർന്ന് നടത്തുന്ന എയ്റോ ഇന്ത്യയുടെ 14ാമത് എഡിഷൻ വെള്ളിയാഴ്ച വരെ ബംഗളുരുവിൽ നടക്കും. 110 വിദേശ കമ്പനികളടക്കം 80 രാജ്യങ്ങളിൽനിന്നായി 811 കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. 32 രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരും 29 വ്യോമസേനാ തലവന്മാരും 73 കമ്പനികളുടെ സി.ഇ.ഒമാരും പങ്കെടുക്കും. സമാപനദിനത്തിൽ 75,000 കോടിയുടെ 251 ധാരണാപത്രങ്ങൾ ഒപ്പിടുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.