പരീക്ഷാത്തട്ടിപ്പിൽ പുതിയ നിയമം പ്രാബല്യത്തിൽ; കുറ്റക്കാർക്ക് തടവും ഒരുകോടി വരെ പിഴയും

ന്യൂഡൽഹി: നീറ്റ്, നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ, പരീക്ഷാത്തട്ടിപ്പ് തടയാൻ ഫെബ്രുവരിയിൽ പാസാക്കിയ നിയമം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. പുതിയ നിയമപ്രകാരം ചോദ്യപ്പേപ്പർ ചോർത്തിയാൽ മൂന്നു മുതൽ അഞ്ച് വർഷം വരെ ജയിൽശിക്ഷയും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം. എല്ലാ കുറ്റങ്ങൾക്കും ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുക.

അന്വേഷണത്തിനിടെ പരീക്ഷാനടത്തിപ്പുകാർ ക്രമക്കേട് നടത്താൻ കൂട്ടുനിൽക്കുകയോ, അതിനുള്ള സാധ്യത അറിഞ്ഞുകൊണ്ട് മറച്ചുവെക്കുകയോ ചെയ്തതായി തെളിഞ്ഞാൽ മൂന്ന് മുതൽ പത്ത് വർഷം വരെ തടവും ഒരുകോടി രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കും. സംഘടിത കുറ്റകൃത്യമാണെങ്കിൽ കുറഞ്ഞ ജയിൽശിക്ഷ അഞ്ച് വർഷമാകും. ശിക്ഷ സംബന്ധിച്ച വിവിധ വകുപ്പുകൾ ഭാരതീയ ന്യായ സംഹിതയിലേതാണെന്ന് പറയുന്നുണ്ടെങ്കിലും, ഇത് പ്രാബല്യത്തിൽവരുന്നത് വരെ ഐ.പി.സി വകുപ്പുകൾ തന്നെയായിരിക്കും. ജൂലൈ ഒന്നിനാണ് ഭാരതീയ ന്യായ സംഹിത നിലവിൽവരുന്നത്.

24 ലക്ഷം വിദ്യാർഥികൾ മേയ് അഞ്ചിനെഴുതിയ നീറ്റ് പരീക്ഷയുടെ ഫലം ജൂൺ നാലിനാണ് എൻ.ടി.എ പ്രസിദ്ധീകരിച്ചത്. അറുപതിലേറെ പേർക്ക് പരീക്ഷയിൽ മുഴുവൻ മാർക്ക് ലഭിക്കുകയും 1500ലേറെ പേർക്ക് ഗ്രേസ് മാർക്ക് നൽകുകയും ചെയ്ത നടപടി പിന്നാലെ വിവാദമായി. വൻക്രമക്കേട് നടന്നെന്നും പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധമുയരുകയും സുപ്രീംകോടതിയിൽ ഉൾപ്പെടെ ഹരജികൾ എത്തുകയും ചെയ്തു. ജൂൺ 18ന് ഒമ്പത് ലക്ഷത്തിലേറെ ഉദ്യോഗാർഥികൾ എഴുതിയ നെറ്റ് പരീക്ഷ ക്രമക്കേട് നടന്നെന്ന് ഉറപ്പായതോടെ തൊട്ടുത്ത ദിവസം റദ്ദാക്കുകയായിരുന്നു.

Tags:    
News Summary - New Law Against Exam Leak Amid NEET Mess: Jail Term, Fine Upto A Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.