ന്യൂഡൽഹി: മന്ത്രിമാർ, എം.എൽ.എമാർ, ജഡ്ജിമാർ തുടങ്ങിയവർക്കെതിരെ സർക്കാർ അനുമതിയില്ലാതെ കോടതികളിൽ നിയമ നടപടി സീകരിക്കുന്നതും മാധ്യമങ്ങൾ വാർത്ത നൽകുന്നതും വിലക്കി രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ പാസാക്കിയ ഒാർഡിനൻസ് വിവാദത്തിൽ. ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്തി സെപ്റ്റംബർ ആറിന് ഗവർണർ കല്യാൺസിങ് ഒപ്പുവെച്ച ഒാർഡിനൻസ് തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കും. സർക്കാർ അനുമതിയില്ലാതെ അഴിമതികേസിൽ കുറ്റാരോപിതരായവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾക്ക് അവകാശമില്ല. ആരോപണത്തിൽപെട്ടവരുടെ പദവി, കുടുംബ പശ്ചാത്തലം, മറ്റുവിവരങ്ങൾ ഇവയൊന്നും പ്രസിദ്ധീകരിക്കരുത്. ലംഘിച്ചാൽ മാധ്യമ പ്രവർത്തകർക്കെതിരെ രണ്ടു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്താമെന്നും ഒാർഡിനൻസിൽ പറയുന്നു. കൂടാെത, സർക്കാർ അനുമതിയില്ലാതെ ജഡ്ജിമാർ, പൊതുപ്രവർത്തകർ എന്നിവർക്കെതിരെ കോടതികൾക്ക് സ്വകാര്യ അന്യായങ്ങൾ സ്വീകരിക്കാൻ പാടില്ല. ഇവർക്ക് ആറുമാസത്തെ നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതിനാണ് പുതിയ ഒാർഡിനൻസെന്നാണ് വസുന്ധര രാജെ സർക്കാറിെൻറ വാദം.
അഴിമതിയുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാലും പൊലീസിന് അന്വേഷണം നടത്താൻ സർക്കാറിെൻറ അനുമതി വേണമെന്നും ഒാർഡിനൻസിൽ പറയുന്നു. പൊതുസേവകനെതിരെ പരാതിക്കാരൻ പൊലീസിെന സമീപിച്ചിട്ടും നടപടിയുണ്ടായില്ലെങ്കിൽ കോടതിെയ സമീപിക്കാം. എന്നാൽ, കോടതി കേസ് പരിഗണിക്കണോ എന്ന കാര്യം സർക്കാർ തീരുമാനിക്കും. അനുമതി നൽകാതിരിക്കുന്നതിന് സർക്കാറിന് കാരണം ബോധിപ്പിക്കേണ്ടതില്ല. ആറുമാസത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ കോടതിക്ക് സ്വമേധയ കേസെടുക്കാം. അഴിമതിക്കെതിരെ വായ്മൂടിെക്കട്ടാനുള്ള സർക്കാറിെൻറ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നെങ്കിലും 200ൽ 162 അംഗങ്ങളുടെ ഭൂരിപക്ഷമുള്ള ബി.ജെ.പിക്ക് ഒാർഡിനൻസ് പാസാക്കാൻ തടസ്സമില്ല. അഴിമതിക്കാരായ സ്വന്തക്കാരെ സംരക്ഷിക്കുന്നതിനാണ് ബി.ജെ.പി ശ്രമമെന്ന് കോൺഗ്രസ് ആേരാപിച്ചു. നിരവധി കർഷക, തൊഴിലാളി വിരുദ്ധ ഒാർഡിനൻസുകൾ ആദ്യമായി കൊണ്ടുവന്നതും രാജസ്ഥാൻ സർക്കാറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.