ന്യൂഡൽഹി: ഗാർഹിക പാചക വാതക ഉപഭോഗം കുറച്ച് 25 ശതമാനം വരെ ചിലവ് ലാഭിക്കാവുന്ന പുതിയ ഗ്യാസ് സ്റ്റൗവ് ഉടനെത്തും. കേന്ദ്ര പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷനാണ് (പി.സി.ആർ.എ) പുതിയ ഗ്യാസ് സ്റ്റൗവ് വികസിപ്പിച്ചതിന് പിന്നിൽ. പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് ഉപഭോക്താക്കൾക്കായാണ് പുതിയ ഗ്യാസ് സ്റ്റൗവ് വികസിപ്പിച്ചത്. പുതിയ സ്റ്റൗവിലൂടെ ഉപഭോഗം കുറച്ച് 25 ശതമാനം വരെ ബിൽ തുക ലാഭിക്കാമെന്ന് അധികൃതർ അറിയിച്ചു.
സ്റ്റൗവ് നിർമാണത്തിനായി പി.സി.ആർ.എയും എനർജി എഫീഷ്യൻസി സർവിസസ് ലിമിറ്റഡും തമ്മിൽ കരാറിലെത്തിയതായാണ് വിവരം. ഉൽപ്പാദനം വ്യാപകമാക്കുന്നതോടെ 'എനർജി എഫീഷ്യൻസി പി.എൻ.ജി കുക്ക് സ്റ്റൗവ് പദ്ധതി' വഴി ഗാർഹിക ഉപഭോക്താക്കൾക്ക് സ്റ്റൗവ് ലഭിക്കും. ആദ്യഘട്ടത്തിൽ 10 ലക്ഷം ഗ്യാസ് സ്റ്റൗവാണ് പദ്ധതി വഴി വിതരണം ചെയ്യുക.
ഉപഭോക്താക്കൾക്ക് മിതമായ നിരക്കിലാകും സ്റ്റൗവ് ലഭ്യമാക്കുക. പി.എൻ.ജി ഗ്യാസ് സ്റ്റൗവിെൻറ അഭാവത്തിൽ ഉപഭോക്താക്കൾ എൽ.പി.ജി സിലിണ്ടറിന് ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗവാണ് കൂടുതൽ ഉപയോഗിക്കുന്നത്. ഇതുവഴി പി.എൻ.ജിയുടെ താപക്ഷമത 40 ശതമാനമായി കുറയും. അത് ഉയർന്ന ഗ്യാസ് ഉപഭോഗത്തിന് കാരണമാകും. ഇതിലൂടെ സുരക്ഷക്കും പ്രശ്നമുണ്ടാകുന്നു -അധികൃതർ പറഞ്ഞു.
നിലവിലെ പി.എൻ.ജി ഉപഭോക്താക്കൾ പുതിയ ഗ്യാസ് സ്റ്റൗവിലേക്ക് മാറുകയാണെങ്കിൽ പ്രതിവർഷം 3901 കോടി രൂപയുടെ പാചകവാതകം സംരക്ഷിക്കാം. ഒരു സാധാരണ ഉപഭോക്താവിന് 100 മുതൽ 150 രൂപവരെ ലാഭിക്കുകയും ചെയ്യാം. കൂടാതെ കാർബൺ മാലിന്യം പുറംതള്ളുന്നത് കുറക്കാമെന്നും അധികൃതർ പറയുന്നു.
പ്രകൃതി ദത്തവും വൃത്തിയുമുള്ള ഉൗർജ മേഖലയിലേക്ക് മാറുക മാത്രമല്ല, സുരക്ഷയും കാര്യക്ഷമതയും ഇതിലൂടെ ഉറപ്പാക്കാം. ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പെട്രോളിയമാണ് പി.എൻ.ജി ഗ്യാസ് സ്റ്റൗവ് വികസിപ്പിച്ചെടുത്തത്. ഇപ്പോൾ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെയും പ്രാദേശിക വിപണിയിലും ഇവ ലഭ്യമാകും. ഇപ്പോൾ ഇ.ഇ.എസ്.എല്ലുമായി കരാറിലെത്തികഴിഞ്ഞു. സർക്കാറിെൻറ വിവിധ പദ്ധതികളിലൂടെ പുതിയ പി.എൻ.ജി ഗ്യാസ് സ്റ്റൗവ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും -പി.സി.ആർ.എ എക്സിക്യൂട്ടീവ് ഡയറ്കടർ ഡോ. നിരജ്ഞൻ കുമാർ സിങ് പറഞ്ഞു.
നിലവിൽ 74 ലക്ഷം പി.എൻ.ജി ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്. ഇൗ മാസം 80,000 ഉപഭോക്താക്കളെ കൂടി ചേർക്കുമെന്നും പി.സി.ആർ.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.