ന്യൂഡൽഹി: കോവിഡ് പരിശോധനക്കുള്ള മാനദണ്ഡം പുതുക്കി ഐ.സി.എം.ആർ. രാജ്യത്ത് കോവിഡ് അതിവേഗം വർധിക്കുന്നതിനിടെ സാമ്പിളുകൾ പരിശോധിക്കുന്ന ലബോറട്ടറികളുടെ സമ്മർദ്ദം ഒഴിവാക്കാനാണ് ഐ.സി.എം.ആർ നീക്കം. നേരത്തെ ആകെ ടെസ്റ്റുകളിൽ 70 ശതമാനമെങ്കിലും ആർ.ടി.പി.സി.ആർ പരിശോധനകളാവണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.
ആൻറിജൻ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധനകളിൽ പോസിറ്റീവായ വ്യക്തിക്ക് വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന ആവശ്യമില്ലെന്ന് ഐ.സി.എം.ആർ അറിയിച്ചു. 10 ദിവസം വീട്ടു നിരീക്ഷണത്തിൽ തുടർന്ന വ്യക്തിക്ക് അവസാന മൂന്ന് ദിവസവും പനിയില്ലെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന ആവശ്യമില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് കോവിഡ് ലക്ഷണങ്ങളില്ലെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന വേണ്ടെന്നും ഐ.സി.എം.ആർ വ്യക്തമാക്കി. ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന സമയത്തും പരിശോധന നിർബന്ധമല്ല.
ആൻറിജൻ ടെസ്റ്റ് നെഗറ്റീവാവുകയും എന്നാൽ, രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന രോഗികൾക്ക് നിർബന്ധമായും ആർ.ടി.പി.സി.ആർ ചെയ്യണമെന്ന് ഐ.സി.എം.ആർ നിർദേശിക്കുന്നു. പ്രതിദിനം 15 ലക്ഷത്തോളം ടെസ്റ്റുകൾ നടത്താനുള്ള ശേഷിയാണ് ഇന്ത്യയിലെ ലബോറട്ടറികൾക്ക് നിലവിലുള്ളത്. എന്നാൽ, കോവിഡ് രോഗബാധ ലബോറട്ടറികളുടെ പ്രവർത്തനത്തേയും ബാധിച്ചിട്ടുണ്ട്. നിലവിൽ പല ലബോറട്ടറികളിലും ആർ.ടി.പി.സി.ആർ ഫലം ലഭിക്കാൻ 72 മണിക്കൂറെങ്കിലും എടുക്കും. അതേസമയം, വ്യാപകമായി ആൻറിജൻ പരിശോധന നടത്തി രോഗവ്യാപനത്തിന് തോത് കണ്ടെത്തുകയും ഐ.സി.എം.ആറിെൻറ ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.