വാരാണസിയിൽ 40 അവിവാഹിതകളെ ഗർഭിണികളാക്കി വ്യാജ രേഖയുണ്ടാക്കി സർക്കാർ ഫണ്ട് തട്ടിയെടുക്കാൻ അംഗനവാടി ജീവനക്കാരിയുടെ ശ്രമം

അഹ്മദാബാദ്: വാരാണസിയിൽ 40 അവിവാഹിതരായ പെൺകുട്ടികളെ ഗർഭിണികളാക്കി രേഖകളുണ്ടാക്കി സർക്കാർ ഫണ്ട് തട്ടിയെടുക്കാൻ അംഗനവാടി ജീവനക്കാരിയുടെ ശ്രമം. കേന്ദ്രസർക്കാർ ഗർഭിണികൾക്ക് അംഗനവാടികൾ മുഖേന നൽകുന്ന പോഷകാഹാരങ്ങൾക്ക് അർഹരാണെന്ന് കാണിച്ച് കേന്ദ്ര ശിശുവികസന മന്ത്രാലയത്തിൽ നിന്ന് പെൺകുട്ടികൾക്ക് സന്ദേശം ലഭിച്ചതോടെയാണ് വിവരങ്ങൾ പുറത്തറിഞ്ഞത്.

കേന്ദ്രസർക്കാറിന്റെ പോഷൻ അഭിയാൻ യോജന പ്രകാരമാണ് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അംഗനവാടികൾ വഴി പോഷകാഹാരങ്ങൾ വിതരണം ചെയ്യാറുള്ളത്. അതിനാൽ ഇവരുടെ പേരുവിവരങ്ങൾ അംഗനവാടി അധികൃതർ സർക്കാറിന് സമർപ്പിക്കണം.

വാരാണസിയിലെ രമണ ഗ്രാമപഞ്ചായത്തിലെ മൽഹിയ ഗ്രാമത്തിലെ പെൺകുട്ടികൾക്കാണ് സന്ദേശം ലഭിച്ചത്. ''പോഷൻ ട്രാക്കറിലേക്ക് സ്വാഗതം. മുലയൂട്ടുന്ന അമ്മ എന്ന നിലയിൽ നിങ്ങൾക്കുള്ള ഭക്ഷണവും കുട്ടികളുടെ ആരോഗ്യ പരിശോധനയും തൊട്ടടുത്ത അംഗനവാടികളിൽ നിന്ന് ലഭിക്കും.''-എന്നായിരുന്നു സന്ദേശം. സന്ദേശം ലഭിച്ചതോടെ പെൺകുട്ടികളും അവരുടെ കുടുംബവും പരിഭ്രാന്തരായി. ഉടൻ തന്നെ അംഗനവാടി വർക്കറുമായി ബന്ധപ്പെടുകയും ചെയ്തു. ​എന്നാൽ അംഗനവാടി വർക്കറായ സുമൻലത കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു.

തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരെ ബന്ധപ്പെടുകയായിരുന്നു കുടുംബം. നേരത്തേ വോട്ടർ ഐ.ഡിയുമായി ബന്ധിപ്പിക്കാനാണെന്ന് പറഞ്ഞ് സുമൻലത പെൺകുട്ടികളിൽ നിന്ന് ആധാറിന്റെ പകർപ്പ് വാങ്ങിയിരുന്നു. അതിനു ശേഷം അമ്മമാർക്ക് വേണ്ടിയുള്ള പോഷകാഹാരാ പദ്ധതിയിലേക്ക് ഗർഭിണികളാണെന്ന വ്യാജേന അവരുടെ പേരുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

പെൺകുട്ടികളുടെ കുടുംബങ്ങളുടെ പരാതിയിൽ ചീഫ് ഡെവലപ്മെന്റ് ഓഫിസർ ഹിമാൻഷു നാഗ്പാൽ അന്വേഷണം പ്രഖ്യാപിച്ചു. പെൺകുട്ടികളുടെ പേരിൽ സാധനങ്ങൾ വിതരണം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസറോട് ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ടിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

Tags:    
News Summary - Anganwadi worker's scam leads to 40 unmarried girls being declared pregnant in Varanasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.