മുംബൈ: കൈയിലുള്ള വെറും വടികളുമായി കള്ളനെ നേരിട്ട് മുംബൈ കണ്ടിവ്‌ലിയിലെ കുട്ടികൾ ഹീറോകളായി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് 10 വയസ്സുള്ള പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടികൾ ഓടിയെത്തിയത്. വടികളുമായി കുട്ടികൾ കുറേ ദൂരം കള്ളൻ, കള്ളൻ...എന്നാർത്തുവിളിച്ച് മോഷ്ടാവിന്റെ പിറകെ ഓടുകയായിരുന്നു. ഒടുവിൽ കള്ളൻ പൊലീസിന്റെ പിടിയിലായി.
കുട്ടി സോപ്പ് വാങ്ങാൻ പുറത്തിറങ്ങിയപ്പോൾ പ്രതി പിന്തുടരുകയും കഴുത്തിലെ മാല തട്ടിപ്പറിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. പിറകെ ഓടിയ കുട്ടികൾക്കു നേരെ കത്തിവീശാനും മോഷ്ടാവ് ശ്രമിച്ചു. ശിവം ഗുപ്ത എന്ന ബാലന്റെ നേതൃത്വത്തിൽ കുട്ടികൾ ധൈര്യം കൈവിടാതെ കവർച്ചക്കാരനെ പിന്തുടരുന്നത് തുടർന്നു. ചൊവ്വാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം.
കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഡി.സി.പി ആനന്ദ് ഭോയിറ്റെ, സീനിയർ പൊലീസ് ഇൻസ്‌പെക്ടർ ഡി. ഗാനോർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.
കണ്ടിവ്‌ലി വെസ്റ്റിലെ ഏകതാ നഗറിലെ താമസക്കാരനായ നിതീഷ് വാൽമീകി (30) ആണ് പ്രതിയെന്നു കണ്ടെത്തിയ പൊലീസ് അയാളെ അറസ്റ്റ് ചെയ്തു. ഇയാൾ മയക്കുമരുന്നിന് അടിമയും സ്ഥിരം കുറ്റവാളി ആണെന്നും പൊലീസ് പറഞ്ഞു. ഏകദേശം 8,000 രൂപ വിലവരുന്ന മോഷ്ടിച്ച ചെയിൻ ഇയാളിൽനിന്ന് പൊലീസ് കണ്ടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.