ന്യൂഡൽഹി: ന്യൂസ്‌ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുരകായസ്ത, എച്ച്.ആർ. മേധാവി അമിത് ചക്രവർത്തി എന്നിവർ സമർപ്പിച്ച ഹർജികൾ വ്യാഴാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റാൻ തീരുമാനിച്ചത്.
യു.എ.പി.എ പ്രകാരം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ പുരകായസ്ത സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചൈന അനുകൂല പ്രചരണം നടത്തുന്നതിന് ന്യൂസ് പോർട്ടലിന് പണം കൈപ്പറ്റിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് പുരകായസ്തക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
കഴിഞ്ഞയാഴ്ച ഡൽഹി ഹൈക്കോടതി പൂരകായസ്തയുടെയും അമിത് ചക്രവർത്തിയുടെയും ഹരജികൾ തള്ളിയതിനെ തുടർന്ന് ഒക്ടോബർ 10 മുതൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒക്‌ടോബർ മൂന്നിന് ന്യൂസ്‌ക്ലിക്ക് ഓഫീസിലും ന്യൂസ് പോർട്ടലിന്റെ എഡിറ്റർമാരുടെയും റിപ്പോർട്ടർമാരുടെയും വസതികളിൽ ഉൾപ്പെടെ റെയ്‌ഡ് നടത്തിയ ഡൽഹി പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
ഹരജികൾ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് തിങ്കളാഴ്ചയാണ് പുരക്കയസ്ത സുപ്രീം കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.