ന്യുഡൽഹി: ഉത്തർപ്രദേശിൽ ട്രെയിനിൽ കന്യാസ്ത്രീകളെ സംഘ്പരിവാറുകാർ അക്രമിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന് ഝാൻസി റെയിൽവെ പൊലീസ് സൂപ്രണ്ടിനോടാവശ്യപ്പെട്ടു.
അക്രമസംഭവത്തിന്‍റെ വിശദാംശങ്ങളും കേസിൽ ഇതുവരെ എന്ത് നടപടികൾ സ്വീകരിച്ചു എന്നതും മനുഷ്യാവകാശ കമീഷൻ ആരാഞ്ഞു. സുപ്രീം കോടതി അഭിഭാഷക ജെസ്സി കുര്യൻ നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും ഇടപെടണമെന്ന് കെ.സി.ബി.സി ആവശ്യപ്പെട്ടിരുന്നു.
എ.ബി.വി.പി പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് റെയിൽവെ അധികൃതർ വെളിപ്പെടുത്തിയിരുന്നു. അവർ അക്രമിച്ചതല്ലെന്നും മതപരിവർത്തനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് റെയിൽവെയുടെ വാദം. കന്യാസ്ത്രീകൾ നൽകിയ പരാതിയിൽ റെയിൽവെ എസ്.പി സൗമിത്ര യാദവാണ് അന്വേഷണം നടത്തിയത്. അതേസമയം, കന്യാസ്ത്രീകൾക്കെതിരെ അക്രമം നടന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസം റെയിൽവെ മന്ത്രി പിയൂഷ് േഗായലും പറഞ്ഞു. അക്രമത്തെ നിസ്സാരമായി കണ്ട് ഒതുക്കിത്തീർക്കാനാണ് ബി.ജെ.പി ശ്രമമെന്ന് തുടക്കം മുതൽ ആരോപണമുയർന്നിരുന്നു.
മാർച്ച് 19നാണ് ഡൽഹി നിസാമുദ്ദീൻ െറയിൽവേ സ്റ്റേഷനിൽനിന്ന് ഒഡിഷയിലെ റൂർക്കലയിലേക്കുള്ള യാത്രക്കിടെയാണ് ഒരു മലയാളിയടക്കം നാലു കന്യാസ്ത്രീകളെ സംഘ്പരിവാർ പിന്തുടർന്ന് അക്രമിച്ചത്. തിരുഹൃദയ സന്യാസിനീ സമൂഹത്തിെൻറ ഡൽഹി പ്രോവിൻസിലെ സന്യാസിനിമാരാണ് കൈയേറ്റത്തിനിരയായത്. വൈകിട്ട് ആറരയോടെ ഉത്തർപ്രദേശിലെ ഝാൻസിയിൽ വെച്ചായിരുന്നു അതിക്രമം.
അതിനിടെ, അതിക്രമത്തിനിരയായ കന്യാസ്ത്രീകൾക്കെതിരെ വിവാദമായ മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുക്കാനും ശ്രമം നടന്നിരുന്നു. ലൗജിഹാദിന്‍റെ പേരിൽ യോഗി ആദിത്യ നാഥ് സർക്കാർ െകാണ്ടുവന്ന മതംമാറ്റ നിരോധന നിയമം ചുമത്താനാണ് പൊലീസും ബജ്റംഗ്ദളുകാരും ശ്രമിച്ചത്.
സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നും തീവ്രവർഗീയ വാദികൾ നടത്തുന്ന അക്രമസംഭവങ്ങളെ ഗൗരവമായി നേരിടണമെന്നും സിറോ മലബാർ സഭ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.