ന്യൂഡൽഹി: ഇന്ത്യയിലെ നയതന്ത്രമേഖലകളിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത പാകിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥൻ ദേശീയ സുരക്ഷാ ഏജൻസിയുടെ വാണ്ടഡ് ലിസ്റ്റിൽ. കൊളംബോയിലെ പാക് ഹൈകമീഷനിൽ വിസ കൗൺസിലർ ആയിരുന്ന ആമിർ സുബൈർ സിദ്ദിഖിയുടെ പേരും ചിത്രവുമാണ് എൻ.െഎ.എ പിടികിട്ടാപുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
26/11 മുംബൈ ഭീകരാക്രമണത്തിെൻറ മാതൃകയിൽ 2014ൽ തെക്കേ ഇന്ത്യയിലെ കര, നാവിക സേനാ ആസ്ഥാനങ്ങൾ തകർക്കാൻ ഗുഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരായ ആരോപണം. ഇന്ത്യൻ സേനാ ആസ്ഥാനങ്ങൾക്ക് പുറമെ ചെന്നൈയിലെ യു.എസ് കോൺസുലേറ്റ്, ബംഗളൂരുവിലെ ഇസ്രയേൽ കോൺസുലേറ്റ് എന്നിവയും ആക്രമിക്കാൻ പദ്ധതിയുണ്ടായിരുന്നുവെന്ന് എൻ.െഎ.എ റിപ്പോർട്ട് ചെയ്തിരുന്നു.
സിദ്ദിഖിയെ കൂടാതെ മറ്റ് രണ്ട് പാക് നയതന്ത്ര ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. ഫെബ്രുവരിയിലാണ് സിദ്ദിഖിക്കെതിരെ കുറ്റപത്രം തയാറാക്കിയത്. ഇൻറർപോളിനോട് ഇൗ ഉദ്യോഗസ്ഥർക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനും എൻ.െഎ.എ നിർദേശം നൽകി. ആദ്യമായാണ് ഇന്ത്യ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
സിദ്ദിഖിയെ കൂടാതെ വിനീത് എന്നറിയപ്പെടുന്ന ഒരു ഉദ്യോഗസ്ഥനെയും ബോസ് എന്ന ഷാ എന്നിവരെയുമാണ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2009 മുതൽ 2016 വരെ ശ്രീലങ്കയിലെ പാക് ഹൈകമീഷണിൽ ജോലി ചെയ്ത ഇവർ ലങ്കൻ പൗരൻമാരായ മുഹമ്മദ് സാകിർ ഹുസൈൻ, തമീം അൻസാരി, അരുൺ ശെൽവരാജ്, ശിവബാലൻ എന്നിവരുടെ സഹായത്തോടെ ചെന്നൈയിലും മറ്റുമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾക്കു നേരെയും ആക്രമണം നടത്താൻ പദ്ധതിയിട്ടുവെന്നാണ് ആരോപണം. ലങ്കൻ പൗരൻമാരെ എൻ.െഎ.എ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
വാണ്ടഡ് ലിസ്റ്റിലുള്ള ഇൗ നയതന്ത്രജ്ഞർ ഇന്ത്യയിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ ലാപ്ടോപ് മോഷ്ടിക്കാനും ഇ^മെയിൽ ചോർത്തി വിലപേശാനും വ്യാജ ഇന്ത്യൻ നോട്ടുകൾ വിതരണം ചെയ്യാനും ശ്രമം നടത്തിയെന്നും എൻ.ഐ.എ കണ്ടെത്തിയിരുന്നു. ചെന്നൈയിലെ യു. എസ് കോൺസുലേറ്റ് ആക്രമണ പദ്ധതി ‘വെഡിങ് ഹാൾ’ എന്ന പേരിലും ബോംബിനെ ‘സ്പൈസ്’ എന്ന പേരിലുമാണ് ഇവർ ആശയവിനിമയം നടത്തിയത്. ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് തീവ്രവാദികളെ കടത്താനുള്ള ശ്രമത്തെ ‘കുക്ക്’ എന്നുമാണ് പറഞ്ഞിരുന്നത്. കൂടാതെ ഗൂഢാലോചനയിൽ ചാവേറുകളെ ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.