ഡൽഹി: തങ്ങളുടെ പ്രവർത്തനങ്ങൾ തികച്ചും സുതാര്യവും നിയമപരവുമാണെന്ന് സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ (എച്ച്.ഡബ്ല്യു.എഫ്). അന്വേഷണത്തിൽ എൻ.ഐ.എയുമായും മറ്റ് സർക്കാർ ഏജൻസികളുമായും പൂർണമായി സഹകരിക്കുമെന്നും എച്ച്.ഡബ്ല്യു.എഫ് ജനറൽ സെക്രട്ടറി ടി. ആരിഫലി വാർത്താ കുറിപ്പിൽ അറിയിച്ചു. വ്യാഴാഴ്ച നടന്ന എൻ.െഎ.എ പരിശോധനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടിവെള്ള വിതരണം, അനാഥ സംരക്ഷണം, ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ തുടങ്ങിയയാണ് ഫൗണ്ടേഷെൻറ പ്രധാന പ്രവർത്തന മേഖലകൾ. ഫൗണ്ടേഷൻ അതിെൻറ എല്ലാ പ്രവർത്തനങ്ങളും നിയമപരമായും ഭരണഘടന അധിഷ്ഠിതമായുമാണ് നടത്തുന്നത്. രാജ്യത്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന നിരവധി എൻ.ജി.ഒകളുടെ കൂട്ടായ്മയാണിത്. രാജ്യത്തിെൻറ വടക്കുകിഴക്കൻ മേഖലകളിലെ ദാരിദ്ര്യബാധിത പ്രദേശങ്ങളാണ് ഫൗണ്ടേഷെൻറ ശ്രദ്ധാകേന്ദ്രങ്ങൾ. സ്വയം സഹായ ഗ്രൂപ്പുകളിലൂടെയും വിവിധ പദ്ധതികളിലൂടെയും സ്ത്രീ ശാക്തീകരണത്തിനായി ഫൗണ്ടേഷൻ പ്രവർത്തിക്കുന്നുണ്ടെന്നും ആരിഫലി പറഞ്ഞു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിരവധി ആശുപത്രികളും സ്കൂളുകളും ഡിസ്പെൻസറികളും ഫൗണ്ടേഷൻ വിജയകരമായി നടത്തുന്നുണ്ട്. ഫൗണ്ടേഷെൻറ പ്രവർത്തനങ്ങൾ തികച്ചും സുതാര്യമാണ്. അതിെൻറ രേഖകൾ ശരിയായി ഓഡിറ്റ് ചെയ്ത് ആദായനികുതി വകുപ്പിനും ചാരിറ്റി കമ്മീഷണർക്കും വർഷം തോറും സമർപ്പിക്കാറുമുണ്ട്. ഫൗണ്ടേഷെൻറ സേവനങ്ങളെ പല മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും വകുപ്പുകളും പ്രശംസിച്ചിട്ടുണ്ടെന്നും നിരവധി രാഷ്ട്രീയ നേതാക്കൾ പ്രവർത്തനത്തിൽ ഭാഗഭാക്കാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ അബുൽ ഫസൽ എൻക്ലേവിലെ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ഒാഫീസിൽ വ്യാഴാഴ്ച രാവിലെ 7.30 നാണ് 15 പേരടങ്ങുന്ന എൻ.െഎ.എ സംഘം പരിശോധന നടത്തിയത്. ഫൗണ്ടേഷൻ ട്രഷറർ മുഹമ്മദ് ജാഫറിനെയും ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.കെ. നൗഫലിനെയെയും ചോദ്യം ചെയ്യാനായി എൻ.െഎ.എ കസ്റ്റഡിയിലെടുത്തിരുന്നു. ഫയലുകളും ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവയും അന്വേഷണസംഘം കൊണ്ടുപോയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.