ഷിംല: കനത്ത മഴയിൽ ഹിമാചൽ പ്രദേശിലെ ഷിംലയിലെ സമ്മർ ഹില്ലിൽ ശിവക്ഷേത്രം തകർന്ന് ഒമ്പത് പേർ മരിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. സംഭവ സമയത്ത് 50ഓളം പേർ ക്ഷേത്രത്തിൽ ആരാധനക്കെത്തിയിരുന്നതായി അധികൃതർ അറിയിച്ചു. പൊലീസും അഗ്നിരക്ഷ സേനയും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
സോലൻ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ കുടുംബത്തിലെ ഏഴുപേർ മരിച്ചു. മരിച്ചവരിൽ നാലുപേർ കുട്ടികളാണ്. ജാഡോൺ ഗ്രാമത്തിലാണ് ഞായറാഴ്ച രാത്രി മേഘവിസ്ഫോടനം ഉണ്ടായത്. മരണത്തിൽ അനുശോചനം അറിയിച്ച മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സിഖു ദുരിതബാധിതരായ കുടുംബങ്ങൾക്ക് ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും നൽകാൻ നിർദേശം നൽകി.
മേഘവിസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മലയോര മേഖലയിലെ എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് എല്ലാ ജില്ലാ കലക്ടർമാരിൽ നിന്നും മുഖ്യമന്ത്രി വിവരം തേടി. മഴ കനക്കുന്ന പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിക്കും കലക്ടർമാർക്കും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവർക്കും മുഖ്യമന്ത്രി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.