ന്യൂഡൽഹി: സങ്കോചത്തോടെയാണ് ഹിന്ദി സംസാരിക്കുന്നതെന്നും ഹിന്ദിയിൽ ഒരുവേദിയെ അഭിസംബോധനചെയ്ത് സംസാരിക്കുമ്പോൾ ഭീതികൊണ്ട് വിറയലുണ്ടാവാറുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കോളജ് കാലത്തെ അനുഭവങ്ങളാണ് ഇതിനുകാരണമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. 'ഹിന്ദി വിവേക് മാഗസിൻ' സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് നിർമ്മലയുടെ പരാമർശം.
'താൻ ജനിച്ചതും കോളജ് വിദ്യഭ്യാസം പൂർത്തിയാക്കിയതും തമിഴ്നാട്ടിലാണ്. തന്‍റെ കോളജ് പഠനകാലത്ത് സംസ്ഥാനത്ത് ഹിന്ദി ഭാഷക്കെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. രണ്ടാം ഭാഷയായി ഹിന്ദിയോ സംസ്കൃതമോ തെരഞ്ഞെടുത്ത വിദ്യാർഥികളെ പഠനത്തിൽ മികച്ച നിലവാരം പുലർത്തിയാൽ പോലും സംസ്ഥാന സർക്കാർ സ്കോളർഷിപ്പുകൾക്ക് പരിഗണിക്കാറുണ്ടായിരുന്നില്ല.' -നിർമ്മല സീതാരാമൻ പറഞ്ഞു.
നേരത്തെ, 'ഹിന്ദി ദിവസ്' ആഘോഷിക്കുന്നതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്തത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിർമ്മല സീതാരാമന്‍റെ പരാമർശം. 'ഹിന്ദി ദിവസ്' ആഘോഷിക്കുന്നതിന് പകരം ഇന്ത്യൻ ഭാഷാ ദിനം ആഘോഷിക്കണമെന്നും ഇന്ത്യയെ ഹിന്ദ്യയാക്കാനുള്ള ശ്രമം ബി.ജെ.പി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രായം കൂടുന്നതിനനുസരിച്ച് പുതിയ ഭാഷകൾ പഠിക്കുന്നത് ബുദ്ധിമുട്ടാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ഹിന്ദിയിലായിരുന്നു നിർമ്മലയുടെ പ്രസംഗം. അടൽ ബിഹാരി വാജ്പെയ് അധികാരത്തിൽ വരുന്നതുവരെ ഇന്ത്യയിൽ ഒരു പുരോഗതിയും ഉണ്ടായിരുന്നില്ലെന്നും വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കുന്നതിനാണ് യു.പി.എ സർക്കാർ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതെന്നും നിർമ്മല ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.