മമത ബാനർജി നുണ പറയുകയാണ്; സംസാരിക്കാൻ ആവശ്യത്തിന് സമയം നൽകിയിരുന്നുവെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി: നീതി ആയോഗ് യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന മമത ബാനർജിയുടെ ആരോപണം തള്ളി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മനപ്പൂർവം യോഗത്തിൽ നിന്ന് ഇറങ്ങി പോവുകയാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി ചെയ്തതെന്ന് നിർമല സീതാരാമൻ പറഞ്ഞു. ബിസിനസ് ടുഡേ കോൺക്ലേവിൽ സംസാരിക്കുമ്പോഴായിരുന്നു ധനമന്ത്രിയുടെ പരാമർശം.

അനുവദിച്ച മുഴുവൻ സമയവും സംസാരിക്കാൻ മമത ബാനർജിക്ക് അവസരം നൽകിയിരുന്നു. സംസാരിക്കാൻ കൂടുതൽ സമയം വേണമെന്ന് അവർ ആവശ്യപ്പെട്ടില്ല. അത് അവർ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ അനുവദിക്കുമായിരുന്നുവെന്നും നിർമല സീതാരാമൻ പറഞ്ഞു.

തനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്ന് മാധ്യമങ്ങളോട് മമത ബാനർജി പറയുന്നത് നുണയാണ്. പശ്ചിമബംഗാളിന് വേണ്ടിയും പ്രതിപക്ഷത്തിനായുമായാണ് താൻ സംസാരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മമത പ്രസംഗം തുടങ്ങിയത്. അവരുടെ പ്രസംഗം ഞങ്ങളെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു.

എന്നാൽ, വേഗത്തിൽ പ്രസംഗം അവസാനിപ്പിച്ച് അവർ സീറ്റിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോവുകയാണ് ഉണ്ടായതെന്നും നിർമല സീതാരാമൻ പറഞ്ഞു. യോഗം നിയന്ത്രിച്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനോട് കൂടുതൽ സമയം അവർ ആവശ്യപ്പെട്ടില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.

കഴിഞ്ഞ ദിവസം നീതി ആയോഗ് യോഗത്തിൽ അഞ്ച് മിനിറ്റ് മാത്രമാണ് തന്നെ സംസാരിക്കാൻ അനുവദിച്ചതെന്ന് മമത പറഞ്ഞിരുന്നു. സംസാരിക്കുന്നതിനിടെ തന്റെ മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു. യോഗത്തിൽ താൻ അപമാനിക്കപ്പെട്ടുവെന്നും മമത ബാനർജി പറഞ്ഞിരുന്നു.

കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളെ വേർതിരിച്ച് കാണരുതെന്ന് താൻ യോഗത്തിൽ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ പറയണമെന്ന് തനിക്കുണ്ടായിരുന്നു. എന്നാൽ, അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാൻ അനുവദിച്ചത്. എനിക്ക് മുമ്പ് സംസാരിച്ചവരെല്ലാം പത്ത് മുതൽ ഇരുപത് മിനിറ്റ് വരെ സംസാരിച്ചു. പ്രതിപക്ഷത്ത് നിന്ന് താൻ മാത്രമാണ് യോഗത്തിൽ പ​ങ്കെടുത്തത്. എന്നിട്ട് പോലും തന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഇത് അപമാനിക്കുന്നതിന് തുല്യമാണെന്ന് മമത ബാനർജി പറഞ്ഞു.

Tags:    
News Summary - Nirmala Sitharaman refutes Mamata Banerjee's 'muted mic' claim: 'How untrue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.