ഇന്ത്യാ വിരുദ്ധ പോസ്റ്റിന് ‘ലവ്’ ഇമോജി; എൻ.ഐ.ടിയിലെ ബംഗ്ലാദേശി വിദ്യാർഥിനിയെ തിരിച്ച‍യച്ചു

ഗുവാഹത്തി: സമൂഹമാധ്യമത്തിലെ ഇന്ത്യാ വിരുദ്ധ പോസ്റ്റിന് ‘ലവ്’ ഇമോജി നൽകി ‘റിയാക്ട്’ ചെയ്ത സംഭവത്തിൽ, അസമിലെ സിൽച്ചർ എൻ.ഐ.ടിയിലെ ബംഗ്ലാദേശ് വിദ്യാർഥിനിയെ സ്വദേശത്തേക്ക് തിരിച്ചയച്ചു. എൻ.ഐ.ടിയിലെ ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ ഡിപാർട്ട്മെന്‍റിലെ നാലാം സെമസ്റ്റർ വിദ്യാർഥിനി മയിഷ മഹജാബിനെ തിങ്കളാഴ്ചയാണ് അതിർത്തി കടത്തിവിട്ടത്. നടപടി നാടുകടത്തലല്ലെന്നും ബംഗ്ലാദേശ് സർക്കാറുമായി ആലോചിച്ച ശേഷം സ്വീകരിച്ചതാണെന്നും കരിംഗഞ്ച് എസ്.പി നുമാൽ മഹാത്ത വ്യക്തമാക്കി.

സിൽച്ചർ എൻ.ഐ.ടിയിൽ തന്നെ കോഴ്സ് പൂർത്തിയാക്കി ആറുമാസം മുമ്പ് ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയ സീനിയർ വിദ്യാർഥിയുടെ പോസ്റ്റിനാണ് മയിഷ റിയാക്ഷൻ രേഖപ്പെടുത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട പലരും പ്രതിഷേധിക്കുകയും വിദ്യാർഥിനിക്കു നേരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധം വ്യാപകമായതോടെ സ്വദേശത്തേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മയിഷ സർവകലാശാല അധികൃതരെ സമീപിക്കുകയായിരുന്നു. തിരിച്ചെത്തി കോഴ്സ് പൂർത്തിയാക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

നിലവിൽ സിൽച്ചർ എൻ.ഐ.ടിയിൽ ബംഗ്ലാദേശിൽനിന്നുള്ള 70 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ 40 പേർ ഹിന്ദുക്കളാണ്, ഇന്ത്യാ വിരുദ്ധപോസ്റ്റുകളോട് ശ്രദ്ധയോടെ പ്രതികരിക്കണമെന്ന് പൊലീസ് ഇവരോട് നിർദേശിച്ചിട്ടുണ്ട്. മയിഷ പിന്തുണച്ച ഫേസ്ബുക്ക് പോസ്റ്റ് ബംഗ്ലാദേശിലെ രാജ്ഷാഹി സർവകലാശാലയിൽനിന്ന് ഉത്ഭവിച്ചതാണെന്ന് ഹിന്ദു അനുകൂല സംഘടനകൾ ആരോപിച്ചു.

Tags:    
News Summary - NIT student sent back to Bangladesh for 'heart' emoji on anti-India post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.