ന്യൂഡൽഹി: ബി.ജെ.പി പാളയത്തിൽ ജനതാദൾ-യുവിനെ എത്തിച്ചതിനെ തുറന്നെതിർത്ത മുതിർന്ന നേതാവ് ശരദ് യാദവിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ മുന്നറിയിപ്പ്. അഭിപ്രായവ്യത്യാസങ്ങൾ പൊതുവേദിയിൽ പറയുന്നതിനുപകരം പാർട്ടിവേദിയിൽ മാത്രം പറയണമെന്നാണ് നിർദേശം. ഇൗമാസം 19ന് നേതൃയോഗം വിളിച്ചിട്ടുണ്ട്. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുടെ സഖ്യകക്ഷിയാകണമോ എന്ന കാര്യം അന്ന് ചർച്ച ചെയ്യും.
ഇൗ യോഗത്തിൽ ശരദ് യാദവിന് പരാതി ഉന്നയിക്കാവുന്നതാണെന്ന് നിതീഷ് അറിയിച്ചതായാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. നിതീഷിെൻറ തീരുമാനത്തോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്നും ബി.ജെ.പിയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കിയത് നിർഭാഗ്യകരമായെന്നുമാണ് ശരദ് യാദവ് കഴിഞ്ഞദിവസം പാർലമെൻറിനുപുറത്ത് വാർത്താലേഖകരോട് പറഞ്ഞത്. നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടുനൽകിയത് മഹാസഖ്യത്തെ കണ്ടുകൊണ്ടാണ്. അതു തകർത്ത് ബി.ജെ.പിയുമായി കൂട്ടുചേർന്നത് ജനവിധിക്കെതിരാണെന്നും ശരദ് യാദവ് പറഞ്ഞു. ഇൗ പശ്ചാത്തലത്തിലാണ് നിതീഷിെൻറ മുന്നറിയിപ്പ്. എന്നാൽ അത് ശരദ് യാദവ് വകവെക്കാൻ ഇടയില്ല.
ജനതാദൾ-യുവിെൻറ സഹസ്ഥാപകനാണ് ശരദ് യാദവ്. കഴിഞ്ഞവർഷം ശരദ് യാദവിനെ മൂലക്കിരുത്തി ജനതാദൾ-യു പ്രസിഡൻറ് സ്ഥാനം നിതീഷ് ഏറ്റെടുത്തതു മുതൽ ഇരുവരും തമ്മിൽ ബന്ധം സുഖകരമല്ല. അതിനൊപ്പമാണ് ബി.ജെ.പി പക്ഷത്തേക്ക് വീണ്ടും നിതീഷ് പോയത്. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ശരദ് യാദവ് ഉണ്ടാകണമെന്ന് ഇതിനിടെ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് ആവശ്യപ്പെട്ടു. ലാലുവിെൻറ നിർദേശം കോൺഗ്രസ് സ്വാഗതം ചെയ്തു. നിതീഷ്കുമാർ ചെയ്തതിനോട് ശരദ് യാദവിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ചൂണ്ടിക്കാട്ടി. ആത്മാഭിമാനമുള്ള ആർക്കും സന്തോഷമുണ്ടാവില്ല. വിഭാഗീയത വളർത്തുന്ന ബി.ജെ.പിക്കെതിരായ ശക്തികളെ ഒന്നിപ്പിക്കാനുള്ള ലാലുപ്രസാദ് യാദവിെൻറ ശ്രമങ്ങൾ സ്വാഗതാർഹമാണെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.