ന്യൂഡൽഹി: സ്വന്തമായി രാജ്യം പ്രഖ്യാപിച്ചതിന് പിന്നാലെ 'കൈലാസം' സന്ദർശിക്കാൻ അവസരം ഒരുക്കുന്നതായി വിവാദ, സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ. ഇമെയിൽ വഴി അപേക്ഷ നൽകിയാൽ രാജ്യത്തേക്ക് വിസ അനുവദിക്കും. കൈലാസയുടെ വെബ്സൈറ്റിലൂടെയാണ് പ്രഖ്യാപനം.
ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ നിത്യാനന്ദ 2019 നവംബറിൽ രാജ്യം വിട്ടിരുന്നു. പിന്നീട് താൻ ഒരു രാജ്യം വിലക്ക് വാങ്ങിയെന്നും അവിടം ഹിന്ദു പരമാധികാര രാജ്യമായി പ്രഖ്യാപിച്ചെന്നും അവകാശപ്പെട്ട് രംഗത്തെത്തുകയായിരുന്നു. 'കൈലാസ' എന്നു പേരിട്ടിരിക്കുന്ന രാജ്യത്തെ പ്രധാനമന്ത്രിയായി നിത്യാനന്ദ തന്നെ സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.
ഹിന്ദു പരാമാധികാര രാജ്യമാണ് കൈലാസ. ഇക്വഡോറിൽ ഒരു ദ്വീപ് സ്വന്തമാക്കിയതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ നിത്യാനന്ദയുടെ 'കൈലാസം' കൃത്യമായി എവിടെയാണ് സ്ഥിതിചെയ്യുന്നതെന്ന വിവരം ഇതുവരെ വ്യക്തമല്ല. ആസ്ട്രേലിയയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നതെന്നാണ് സൂചന.
സന്ദർശകർക്കായി ആസ്ട്രേലിയയിൽനിന്നാണ് കൈലാസത്തിലേക്ക് വിമാനം. 'ഗരുഡ' എന്ന േപരിലാണ് ചാർട്ടേർഡ് വിമാനങ്ങൾ സർവിസ് നടത്തുക. കൈലാസത്തിലേക്കും ഏതൊരാൾക്കും പ്രേവശനം നൽകും. എന്നാൽ മൂന്നുദിവസത്തിൽ കൂടുതൽ ആരെയും കൈലാസത്തിൽ തങ്ങാൻ അനുവദിക്കില്ല. കൂടുതൽ തങ്ങണമെങ്കിൽ വീണ്ടും അപേക്ഷിക്കണം. സന്ദർശക കാലയളവിൽ 'പരമശിവനെ' കാണാനും അവസരം നൽകുമെന്ന് നിത്യാനന്ദ പറയുന്നു. കൂടാതെ ഭക്ഷണവും താമസവും സൗജന്യമായിരിക്കും.
കൈലാസത്തിൻെറ ഔദ്യോഗിക വെബ്സൈറ്റായ kailaasa.org യിലൂടെയാണ് പ്രഖ്യാപനം. സ്വന്തം രാജ്യങ്ങളിൽ ഹിന്ദുമതം ആചരിക്കാനുള്ള അവകാശം നഷ്ടപ്പെട്ടവർക്കുവേണ്ടിയാണ് കൈലാസം രൂപീകരിച്ചതെന്ന് നിത്യാനന്ദ പറയുന്നു. കഴിഞ്ഞ ആഗസ്റ്റിൽ നിത്യാനന്ദ 'റിസർവ് ബാങ്ക് ഒാഫ് കൈലാസ' രൂപീകരിക്കുകയും നാണയം പുറത്തിറക്കുകയും ചെയ്തിരുന്നു. റിസർവ് ബാങ്കിന് പുറമെ, കൈലാസത്തിന് പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.