ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷവും പ്രതിപക്ഷം പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തു -നിതിൻ ഗഡ്കരി

ന്യൂഡൽഹി: പ്രതിപക്ഷം പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. തനിക്ക് അത്തരം ആഗ്രഹങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ കോൺക്ലേവിലായിരുന്നു ഗഡ്കരിയുടെ പരാമർശം.

തനിക്ക് പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തപ്പോൾ താൻ തന്നെ ആ സ്ഥാനത്ത് എത്തണമെന്ന് എന്താണ് ഇത്ര നിർബന്ധമെന്നാണ് പ്രതിപക്ഷ നേതാക്കളോട് ചോദിച്ചത്. എന്തുകൊണ്ട് നിങ്ങൾ മോദിയെ പിന്തുക്കുന്നില്ലെന്ന് പ്രതിപക്ഷത്തോട് ചോദിച്ചു. പ്രധാനമന്ത്രിയാവുകയെന്നത് തന്റെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും തനിക്ക് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് പ്രധാനമന്ത്രിപദം വാഗ്ദാനം​ ചെയ്യുകയുണ്ടായെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു. മോദി രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച് മറ്റൊരാളെ പ്രധാനമന്ത്രിയാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് താൻ എന്തായാലും ആ പദത്തിന് വേണ്ടിയുള്ള പോരാട്ടത്തിലല്ലെന്നായിരുന്നു ഗഡ്കരിയുടെ മറുപടി.

താൻ തന്റെ ജോലി ചെയ്യുന്നുണ്ട്. അതിൽ സന്തോഷവാനാണ്. പാർട്ടിയുടേയും ആർ.എസ്.എസിന്റേയും അംഗമാണ്. മന്ത്രിയായില്ലെങ്കിലും തനിക്കൊരു പ്രശ്നവുമില്ല. രാഷ്ട്രീയം സാമൂഹിക-സാമ്പത്തിക മാറ്റത്തിനുള്ള ഒരു ഉപകരണമാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

Tags:    
News Summary - Nitin Gadkari clears air around Opposition's PM offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.