'ബി.ജെ.പി മുക്ത ഭാരത' മുദ്രാവാക്യത്തിന് കെ.സി.ആറിന് പിന്തുണയുമായി നിതീഷും

പട്ന: തന്റെ മുൻകൈയിൽ ഒരുങ്ങുന്ന ബി.ജെ.പി വിരുദ്ധ പ്രതിപക്ഷസഖ്യം മൂന്നാംമുന്നണിയല്ല, ഒന്നാംമുന്നണി തന്നെയെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ 'പട്ന പ്രഖ്യാപനം'. 'ബി.ജെ.പി മുക്ത ഭാരത'മെന്ന കെ.സി.ആറിന്റെ മുദ്രാവാക്യത്തിന് പൂർണ പിന്തുണയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും നിലപാട് പ്രഖ്യാപിച്ചതോടെ രംഗം ചൂടുപിടിച്ചിരിക്കുകയാണ്.

2024 ലെ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ മുഖ്യ പ്രതിപക്ഷമെന്ന കോൺഗ്രസിന്റെ സ്ഥാനം പിടിച്ചടക്കുകയാണ് 'ഒന്നാംമുന്നണി' വിശേഷണത്തിലൂടെ തെലങ്കാന മുഖ്യൻ ലക്ഷ്യമിടുന്നത്. അലയൊലികൾ സൃഷ്ടിച്ച കെ.സി.ആറിന്റെ ബിഹാർ സന്ദർശനത്തിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു.

ചൈന അതിർത്തിയിലെ ഗൽവാൻ താഴ്വരയിൽ ജീവൻ ബലിയർപ്പിച്ച ബിഹാറികളായ ജവാന്മാരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും സെക്കന്ദരാബാദിലെ അഗ്നിബാധയിൽ മരിച്ച ബിഹാറി തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതവും സഹായധനം നൽകാനായാണ് തെലങ്കാന മുഖ്യൻ പട്നയിലെത്തിയത്.

ബി.ജെ.പിയുമൊത്തുള്ള സംസ്ഥാനഭരണം മതിയാക്കി, ആർ.ജെ.ഡിയും കോൺഗ്രസും ഇടതുപാർട്ടികളുമെല്ലാമുള്ള മഹാസഖ്യത്തിന്റെ പിന്തുണയിൽ ഭരണം നിലനിർത്തിയ നിതീഷിനെ ഒപ്പം നിർത്തി ഹിന്ദി ബെൽറ്റിൽ തരംഗം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിൽ കെ.സി.ആർ പ്രാഥമിക വിജയം കൊയ്തിരിക്കുകയാണ്.

243 അംഗ ബിഹാർ നിയമസഭയിൽ160 എം.എൽ.എമാരുടെ പിന്തുണയിൽ നിതീഷ് ഭരണം നിലനിർത്തിയതോടെ ബി.ജെ.പിയുടെ ആത്മവിശ്വാസത്തിന് സംസ്ഥാനത്തെങ്കിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. മറ്റ് ദക്ഷിണേന്ത്യൻ നേതാക്കളെ അപേക്ഷിച്ച് മികച്ച രീതിയിൽ ഹിന്ദിയിൽ ആശയവിനിമയം നടത്താനുള്ള കഴിവ് കെ.സി.ആറിനെ കുറച്ചൊന്നുമല്ല തുണക്കുന്നത്.

ബി.ജെ.പി വിരുദ്ധ മുദ്രാവാക്യവുമായി മറ്റു ചില എൻ.ഡി.എ ഇതര സംസ്ഥാനങ്ങളിലും നടത്തിയ സന്ദർശനങ്ങൾ മാധ്യമങ്ങളുടെ അടക്കം ശ്രദ്ധ പിടിച്ചുപറ്റിയതിൽ അദ്ദേഹത്തിന്റെ ഹിന്ദിക്ക് പങ്കുണ്ട്. ഈ സന്ദർശനങ്ങളിൽ ഏറ്റവും പ്രധാനമായത് ബിഹാറിലേതാണെന്നാണ് വിലയിരുത്തൽ. നരേന്ദ്ര മോദിയുമായുള്ള പോരാട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്ന നേതാവ് നിതീഷാണെന്നതാണ് ഇതിനു കാരണം.

നിരന്തരം ആരോപണങ്ങൾ അഴിച്ചുവിട്ട് പ്രതിരോധത്തിലാക്കാൻ തെലങ്കാന ബി.ജെ.പി നേതാക്കൾ ശ്രമിക്കുമ്പോൾ സംസ്ഥാനത്തിനു പുറത്തും ബി.ജെ.പിയെ നേരിട്ട് തിരിച്ചടിക്കുകയെന്നതാണ് കെ.സി.ആറിന്റെ ഇപ്പോഴത്തെ തന്ത്രം.

ബി.ജെ.പി മുക്ത ഭാരതമെന്ന മുദ്രാവാക്യത്തെ ശക്തിപ്പെടുത്തുമെന്നു പറഞ്ഞ കെ.സി.ആർ, പ്രതിപക്ഷവുമായി ഒരു ചർച്ചയും ചെയ്യാതെ നയങ്ങൾ ഉണ്ടാക്കുന്ന ബി.ജെ.പിയെ തടയുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി. സംസ്ഥാനത്തിനു ലഭിക്കേണ്ട വിഭവങ്ങളെല്ലാം കേന്ദ്ര സർക്കാർ പിടിച്ചെടുക്കുന്നുവെന്ന അദ്ദേഹത്തിന്റെ ആരോപണവും എൻ.ഡി.എ ഇതര സംസ്ഥാനങ്ങളിൽ അലയൊലിയുണ്ടാക്കിയേക്കും.

ഇതിനിടെ, പ്രതിപക്ഷ സഖ്യമെന്ന കെ.സി.ആറിന്റെ ആഹ്വാനത്തെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ പരിഹസിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വവുമായി കെ.സി.ആറിനെ സഹകരിപ്പിക്കാൻ ആഞ്ഞു ശ്രമിക്കുകയാണ് ലാലുവും നിതീഷ് കുമാറും.

തെലങ്കാനക്കുവേണ്ടി അങ്ങ് ഏറെ ചെയ്തെന്ന് കെ.സി.ആറിനെ പ്രശംസിക്കുന്ന നിതീഷിന്റെ ലക്ഷ്യം ബി.ജെ.പി തന്നെ. കൃഷ്ണ, ഗോദാവരി നദീജലം ഗ്രാമീണമേഖലകളിലെത്തിച്ച അദ്ദേഹത്തെ തെലങ്കാന ജനത കൈവിടില്ലെന്നും നിതീഷ് കൂട്ടിച്ചേർത്തു. 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തടയിടുന്നതിൽ താങ്കൾക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നാണ് തന്നെ വന്നു കണ്ട കെ.സി.ആറിനോട് ലാലു പ്രസാദ് യാദവ് പറഞ്ഞത്.

Tags:    
News Summary - Nitish also supported KCR for 'BJP Mukta Bharat' slogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.