പറ്റ്ന: വെറും മൂന്നാം തരത്തിൽ പരീക്ഷ പാസായിട്ടാണ് ബിഹാർ നിതീഷ് കുമാർ മുഖ്യമന്ത്രിയായതെന്ന പരിഹാസവുമായി ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. 2020 ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ നതീഷ് കുമാറിന് ലഭിച്ച സീറ്റുകളുടെ എണ്ണം കുറവായിട്ടും നിതീഷ് കുമാർ മുഖ്യമന്ത്രിയായതിനെ പരിഹസിക്കുകയായിരുന്നു ലാലു പ്രസാദ്.
ജനതാദൾ യൂണൈറ്റഡ് നേതാവായ നിതീഷ് കുമാറിന് തെരഞ്ഞെടുപ്പിൽ 40 സീറ്റുകൾ മാത്രമാണ് നേടാനായത്. അതേസമയം, രാഷ്ട്രീയ ജനതദൾ 75 സീറ്റുകളും ബി.ജെ.പി 74 സീറ്റുകളും നേടി.
'ജനഹിതവും മര്യാദയും കാറ്റിൽ പറത്തിയാണ് നിതീഷ് മുഖ്യമന്ത്രിയായത്. അഴിമതി നടത്തുന്ന എം.എൽ.എ മാരുടെയും മന്ത്രിമാരുടേയും രൂപത്തിലാണ് ഇതിന്‍റെ ഫലം അദ്ദേഹത്തിന് തിരിച്ചുകിട്ടുന്നത്. '- ലാലുപ്രസാദ് ട്വീറ്റ് ചെയ്തു.
ഉദ്യോഗസ്ഥരുടേയും പണത്തിന്‍റെയും ബലത്തിൽ നിതീഷ് എങ്ങനെയോ മൂന്നാം തരത്തിൽ പരീക്ഷ പാസായി. നല്ല ഗവൺമെന്‍റെന്നോ മോശം ഗവൺമെന്‍റെന്നോ എന്ന പ്രശ്നം ഇവിടെ ഉദിക്കുന്നില്ല. ഇവിടെ ഒരു സർക്കാറുണ്ടെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നില്ല- ലാലുപ്രസാദ് ട്വീറ്റ് ചെയ്തു.
ജനപ്രതിനിധികളെ അവഗണിക്കുന്നുവെന്നും ഉദ്യോഗസ്ഥൻമാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നുമുള്ള വിമർശനം നിതീഷ്കുമാർ സർക്കാർ നേരിടുന്നതിനിടെയാണ് ലാലുപ്രസാദിന്‍റെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.