പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ അരുണാചൽ പ്രദേശിലും നിതീഷ് കുമാറിന്‍റെ ജനതാദളിന് (യു) 'പണി' കൊടുത്ത് ബി.ജെ.പി. ജെ.ഡി.യുവിന്‍റെ ഏഴിൽ ആറ് എം.എൽ.എമാരാണ് ബി.ജെ.പിയിൽ ചേർന്നത്.
ഇതോടെ 60 അംഗ നിയമസഭയില്‍ ജെ.ഡി.യുവിന്‍റെ സമാജികരുടെ എണ്ണം ഒന്നായി ചുരുങ്ങി. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന്‍റെ ഒരംഗം ഉള്‍പ്പെടെ ബി.ജെ.പി പക്ഷത്ത് 48 എം.എൽ.എമാരായി.
ഹായെംഗ് മംഗ്ഫി, ജിക്കേ താക്കോ, ഡോങ്‌റു സിയോങ്ജു, താലേം തബോ, കാംഗോംഗ് താക്കു, ദോര്‍ജീ വാമ്ങ്ഡി ഖര്‍മ എന്നീ ജെ.ഡി.യു എം.എല്‍.എമാരാണ് പാർട്ടി മാറി ബി.ജെ.പിയില്‍ ചേര്‍ന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷനോട് ആലോചിക്കാതെ നിയമസഭകക്ഷി നേതാവിനെ തെരഞ്ഞെടുത്തതിനെത്തുടർന്ന് ഇവരിൽ മൂന്ന് പേർക്കെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിലും ജനങ്ങള്‍ക്കുള്ള പ്രതീക്ഷയും വിശ്വാസവുമാണ് സംഭവങ്ങളിലൂടെ തെളിയുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബിയുറാം വാഹെ പറഞ്ഞു.
ബി.ജെ.പിയുടെ ഭാഗത്ത് നിന്നുള്ള നടപടിയിൽ നിതീഷ് കുമാർ നിരാശനാണെന്നും ഇത് ഈ ആഴ്ച നടക്കുന്ന ദേശീയ കൗൺസിലിൽ വിഷയം ചർച്ച ചെയ്യുമെന്നും അടുത്ത പാർട്ടി വൃത്തങ്ങൾ ചുണ്ടിക്കാട്ടി. അരുണാചൽ പ്രദേശിൽ ബി.ജെ.പി-ജെ.ഡിയു സഖ്യമില്ലെങ്കിലും പേമ ഖണ്ഡു സർക്കാറിനെ അവർ പിന്തുണക്കുന്നുണ്ട്.
41 സീറ്റുകൾ നേടിയ ബി.ജെ.പിക്ക് പിന്നിൽ ഏഴ് സീറ്റുകൾ നേടി രണ്ടാം സ്ഥാനക്കാരായ ജെ.ഡി.യു അരുണാചലിൽ സംസ്ഥാന പാർട്ടിയായി മാറിയിരുന്നു. ഇതോടെ സംസ്ഥാനത്തെ പ്രതിപക്ഷ എം.എൽ.എമാരുടെ എണ്ണം 12 ആയി. കോൺഗ്രസ്, നാഷനൽ പീപ്ൾസ് പാർട്ടി എന്നിവർക്ക് നാല് അംഗങ്ങൾ വീതവും മൂന്ന് സ്വതന്ത്രരുമാണവർ.
ബിഹാറിൽ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സർക്കാർ അധികാരം നിലനിർത്തിയെങ്കിലും 74 സീറ്റുകളുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 71 സീറ്റിൽ നിന്നും 43ലേക്ക് ഒതുങ്ങിയ ജെ.ഡി.യു തേജസ്വി യാദവിന്‍റെ ആർ.ജെ.ഡിക്ക് പിന്നിൽ മൂന്നാം സ്ഥനത്തായിരുന്നു. എന്നിരുന്നാലും നിതീഷിന് മുഖ്യമന്ത്രിയാകാൻ ബി.ജെ.പി ഒരവസരം കൂടി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.