പട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. എൻ.ഡി.എ സഖ്യം ഭൂരിപക്ഷം നേടിയിട്ടും ആഹ്ലാദം പ്രകടിപ്പിക്കാതിരുന്ന നിതീഷ് കുമാറുമായി മുതിര്‍ന്ന ബി.ജെ.പി നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെയുള്ള പിന്തുണ ഉണ്ടാകുമെന്ന് ബി.ജെ.പി നേതാക്കൾ നിതീഷ് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ നടന്നേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വീണ്ടും അധികാരത്തിലേക്ക് എത്തുന്നതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയാകുന്ന വ്യക്തിയാകും നിതീഷ്കുമാർ.
ദീപാവലിക്ക് ശേഷമേ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് പോകൂവെന്ന് ഇരു പാര്‍ട്ടി നേതാക്കന്മാരും വ്യക്തമാക്കിയിരുന്നു. ശനിയാഴ്ചയാണ് ദീപാവലി. എന്നാൽ മുഖ്യമന്ത്രി പദം സംബന്ധിച്ചും സുപ്രധാന വകുപ്പുകളുടെ കാര്യത്തിലും സഖ്യകക്ഷികൾ തമ്മിൽ തീരുമാനമായിട്ടില്ല എന്നാണ് അറിയുന്നത്.
ആഭ്യന്തരവും വിദ്യാഭ്യാസവും അടക്കം പ്രധാന വകുപ്പുകളിൽ ബി.ജെ.പി ആവശ്യം ഉന്നയിക്കും. വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനത്തില്‍ എത്തിയശേഷം മന്ത്രിസഭാ രൂപീകരണത്തിനായി ഗവര്‍ണറെ കാണാനാണ് തീരുമാനം. വൈകാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ട എം.എ.ല്‍എമാരുടെ യോഗം ചേരും. ഇതിനുള്ള തിയതി തീരുമാനിച്ചിട്ടില്ല.
ജെ.ഡി.യുവിനെതിരെ പ്രചാരണം നടത്തി മത്സരിച്ച എൽ.ജെ.പിയോട് ബി.ജെ.പി എന്ത് നിലപാട് സ്വീകരിക്കും എന്നതും സര്‍ക്കാര്‍ രൂപീകരണത്തിൽ നിര്‍ണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.