നിതീഷ് കുമാർ എൻ.ഡി.എയിലേക്ക്? ഇൻഡ്യ സഖ്യത്തിന് വീണ്ടും തിരിച്ചടി

പട്ന: കരുത്തനായ മറ്റൊരു നേതാവു കൂടി ഇൻഡ്യ സഖ്യത്തെ കൈവിടുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻ.ഡി.എയിലെത്തുമെന്നാണ് റിപ്പോർട്ട്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രയുടെ ഭാഗമാകാൻ തയാറാകാതിരുന്നതാണ് അദ്ദേഹം എൻ.ഡി.ഒയോട് അടുക്കുകയാണെന്ന റിപ്പോർട്ടുകൾക്ക് ആധാരം. ലോക്സഭ തെരഞ്ഞെടുപ്പിൽ മമത ബാനർജിയും അരവിന്ദ് കെജ്രിവാളും കോൺഗ്രസിനൊപ്പം ചേരാതെ ഒറ്റക്ക് മത്സരിക്കാൻ ​തീരുമാനമെടുത്തിരുന്നു.

നിതീഷ് കുമാറിനെ മടക്കിക്കൊണ്ടുവരാൻ ബി.ജെ.പി അഹോരാത്രം പണിയെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2022ലാണ് നിതീഷ് ഏറ്റവുമൊടുവിൽ എൻ.ഡി.എ വിട്ടത്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇൻഡ്യ സഖ്യത്തിൽ തീരുമാനങ്ങളൊന്നും ആകാത്തതിൽ നിതീഷ് കുമാർ അസ്വസ്ഥനായിരുന്നു. പല നേതാക്കളും പിന്തുടരുന്ന കുടുംബവാഴ്ചക്കെതിരെ പ്രതികരിച്ച നിതീഷ്‍കുമാർ ഇൻഡ്യ സഖ്യത്തിൽ സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നീണ്ടുപോകുന്നതിൽ പല തവണ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

തന്റെ ഗുരുവും സോഷ്യലിസ്റ്റ് ഐക്കണുമായ കർപ്പൂരി താക്കൂറിന് പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരത് രത്ന നൽകാൻ തീരുമാനിച്ചതിന് നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുകയും ചെയ്തു. ഇതും അദ്ദേഹം വീണ്ടും എൻ.ഡി.എയുടെ ഭാഗമായി മാറുമെന്ന അഭ്യൂഹത്തിന് ബലം നൽകി.

2022ലാണ് നിതീഷ് ഏറ്റവുമൊടുവിൽ ബി.ജെ.പി സഖ്യം വിട്ടത്. ബി.ജെ.പി സഖ്യത്തിൽ നിന്ന് പിന്മാറിയ നിതീഷ് 2015 ൽ മഹാഗഡ്ബന്ധൻ സഖ്യം രൂപീകരിച്ചു. രാഷ്ട്രീയ എതിരാളിയായിരുന്ന ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയുമായി കൈകോർത്തായിരുന്നു ഇത്. 2015ലെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാഗഡ്ബന്ധൻ സഖ്യം അധികാരം പിടിച്ചതിനെ തുടർന്ന് നിതീഷ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

2017ൽ മഹാഗഡ്ബന്ധൻ പിളർന്നപ്പോൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ലാലുവിനെയും കോൺഗ്രസിനെയും വിട്ട് നിതീഷ് വീണ്ടും എൻ.ഡി.എ മുന്നണിയിൽ ചേർന്നു. 2017ൽ ബി.ജെ.പിയുടെ പിന്തുണയിൽ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു.

2020 ൽ നടന്ന ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് നൽകി. 2022 ആഗസ്റ്റ് ഒമ്പതിന് സഖ്യകക്ഷിയായ ബി.ജെ.പി ജെ.ഡി.യുവിനെ പിളർത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രി പദം രാജിവച്ച് എൻ.ഡി.എ വിട്ട നിതീഷ് കുമാർ കോൺഗ്രസിന്റെയും ആർ.ജെ.ഡിയുടെയും പിന്തുണയിലാണ് ഇപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്നത്.

Tags:    
News Summary - Nitish Kumar may exit alliance in Bihar, likely to go with BJP again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.