പാട്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കും. ജനുവരി 29നാണ് ന്യായ് യാത്ര ബിഹാറിൽ പ്രവേശിക്കുന്നത്. നാല് ജില്ലകളിൽ മൂന്ന് ദിവസം യാത്ര പര്യടനം നടത്തും.
പശ്ചിമബംഗാളിലെ സിലിഗുരിയിൽ നിന്നും ബിഹാറിലെ കിഷൺഗഞ്ചിലേക്ക് യാത്ര കടക്കുമെന്ന് എം.എൽ.സിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രേംചന്ദ്ര മിശ്ര പറഞ്ഞു. കിഷൺഗഞ്ചിലെ പര്യടനത്തിന് ശേഷം യാത്ര പൂർണിയയിലേക്ക് കടക്കും. അവിടെ വലിയൊരു റാലിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. റാലിയിൽ ഇൻഡ്യ സഖ്യത്തിലെ തങ്ങളുടെ പങ്കാളിയും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പങ്കെടുക്കുമെന്നും പ്രേംചന്ദ്ര മിശ്ര പറഞ്ഞു.
ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനും റാലിക്കുള്ള ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. പൂർണിയയിലോ ജനുവരി 31ന് കത്തിയാറിലോ നടക്കുന്ന റാലിയിൽ അദ്ദേഹം പങ്കെടുക്കും. ഇ.ഡിയുടെ സമൻസ് അനുസരിച്ചാവും അദ്ദേഹത്തിന്റെ വരവ്.
സി.പി.ഐ, സി.പി.ഐ(എം), സി.പി.ഐ(എം.എൽ) തുടങ്ങിയ പാർട്ടികളേയും ന്യായ് യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവരെല്ലാം പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് പ്രേംചന്ദ്ര മിശ്ര കൂട്ടിച്ചേർത്തു.
അതേസമയം, ന്യായ് യാത്രയുടെ പര്യടനം അസമിൽ തുടരുകയാണ്. ന്യായ് യാത്രക്ക് നേരെ വലിയ അക്രമപ്രവർത്തനങ്ങളാണ് അസമിൽ ബി.ജെ.പി നടത്തുന്നത്. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലെ വഴിയോര ഭക്ഷണശാല സന്ദർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കഴിഞ്ഞ ദിവസവും പ്രതിഷേധമുണ്ടായിരുന്നു. നാഗോൺ ജില്ലയിലാണ് സംഭവം. പ്ലക്കാർഡ് ഉയർത്തി ഒരു സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ന്യായ് യാത്രയുടെ പര്യടനത്തിന് ശേഷം വിശ്രമ സ്ഥലമായ രുപോഹിയിലേക്ക് വാഹനത്തിൽ പോകും വഴിയാണ് രാഹുലും സംഘവും അംബഗനിലെ വഴിയോര ഭക്ഷണശാലയിൽ ഇറങ്ങിയത്. ഇതിന് പിന്നാലെ പ്ലക്കാർഡ് ഉയർത്തി മുദ്രാവാക്യം വിളികളുമായി സംഘമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.